മുൻ സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി, സംസ്കൃത സർവകലാശാല കോഴ്സുകൾ നിറുത്തില്ല

Saturday 26 March 2022 1:42 AM IST

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ രണ്ട് പ്രാദേശിക കേന്ദ്രങ്ങളിലെ പ്രവേശനം പൂർണമായും നാലിടത്തേത് ഭാഗികമായും അവസാനിപ്പിക്കാനുള്ള മുൻ സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി. പുതുതായി ചുമതലയേറ്റ വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ബഡ്ജറ്റ് യോഗത്തിനിടെ പ്രത്യേകമായാണ് ഈ അജണ്ട ഉൾപ്പെടുത്തിയത്.

വി.സിയുടെ താത്കാലികചുമതല വഹിച്ചിരുന്ന കലിക്കറ്റ് സർവകലാശാല വി.സി ഡോ. എം.കെ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ മാർച്ച് ഏഴിന് ചേർന്ന യോഗമാണ് തുറവൂർ, ഏറ്റുമാനൂർ കേന്ദ്രങ്ങളിലെ പ്രവേശനം പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതു നടപ്പാക്കിയിരുന്നെങ്കിൽ

പ്രാദേശിക കേന്ദ്രങ്ങളിലെ 23 വകുപ്പുകളും 350ലധികം ബിരുദാനന്തര ബിരുദ സീറ്റുകളും 250ലധികം ബിരുദസീറ്റുകളും ഇല്ലാതായേനെ. ഇക്കാര്യം കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്. പുതിയ തീരുമാനത്തിന് പിന്നാലെ ബിരുദാനന്തരബിരുദ കോഴ്സുകളുടെ വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചു.

''

2022-23 അദ്ധ്യയനവർഷത്തിലെ എല്ലാ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും കാലടി മുഖ്യകേന്ദ്രം ഉൾപ്പെടെ നിലവിലുളള എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാനതീയതി ഏപ്രിൽ 22. എൻട്രൻസ് പരീക്ഷ മേയ് ആദ്യവാരം. ക്ളാസുകൾ ജൂൺ ആദ്യം ആരംഭിക്കും.

ഡോ.എം.ബി. ഗോപാലകൃഷ്ണൻ

രജിസ്ട്രാർ , സംസ്കൃത സർവകലാശാല

Advertisement
Advertisement