നൃത്തവും സംഗീതവും ഞാനും പഠിച്ചിട്ടുണ്ട്,​ അന്ന് സംഭവിച്ചത് ഇതാണ് ; നീനാപ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ലെന്ന് ജഡ്‌ജി

Saturday 26 March 2022 11:09 AM IST

പാലക്കാട്: നീനാപ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ ജഡ്ജി കലാംപാഷ. ഒരു സംഘം അഭിഭാഷകർ കോടതിവളപ്പിൽ നടത്തിയ പ്രതിഷേധത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയ അദ്ദേഹം ബാർ അസോസിയേഷൻ പ്രസിഡന്റിനു കത്തു നൽകി.

അഭിഭാഷകരുടെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണ്. താൻ കർണാടക സംഗീതം ആറു വർഷം പഠിച്ചിട്ടുണ്ട്. ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയിട്ടുമുണ്ട്. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്‌ദം കുറയ്‌ക്കാൻ ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടത്.

മതപരമായ കാരണങ്ങളലാണ് നൃത്തം തടസപ്പെടുത്തിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണ്. കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത് എന്ന് അറിയാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് മോയൻ എൽപി സ്‌കൂളിൽ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പൊലീസ് ഇടപെട്ട് നിർത്തിച്ചതെന്ന് നീന പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

സ്‌കൂളിന് തൊട്ടുപിന്നിൽ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നും അവർ ആരോപിച്ചിരുന്നു. നീനാപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് അഭിഭാഷകർ കോടതി വളപ്പിൽ പ്രതിഷേധിച്ചത്.

Advertisement
Advertisement