ഫ്ലിപ്‌കാർട്ടിൽ ഓർഡർ ചെയ്‌തത് പ്രഷര്‍ മോണിറ്റര്‍, കിട്ടിയ സാധനം കണ്ട് ഓർഡർ ചെയ്‌തയാളുടെ 'പ്രഷറ്' കൂടി

Saturday 26 March 2022 1:00 PM IST

കൊച്ചി: രാജ്യത്തെ ഓൺലെെൻ വ്യാപാരം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. കൊവിഡ് കാലമായതോടെ ഓൺലെെൻ വ്യാപാരത്തിൽ വൻ കുതിച്ച് ചാട്ടമുണ്ടായി. ഇത്തരത്തിൽ ഓൺലെെൻ വ്യാപാരം വർദ്ധിക്കുന്ന വേളയിൽ തന്നെ പറ്റിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്.

ഇപ്പോഴിതാ രക്തസമ്മര്‍ദ്ദം പരിശോധിക്കാനായുള്ള ഉപകരണം വാങ്ങിയ കൊച്ചി സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. കൊച്ചി കലൂരിലെ ദേശാഭിമാനി റോഡില്‍ കമ്പ്യൂട്ടര്‍ സെയില്‍സ് സര്‍വ്വീസ് കട നടത്തുന്ന അബ്ദു റഹ്മാന് രക്തസമ്മര്‍ദ്ദം പരിശോധിക്കാനായുള്ള ഉപകരണത്തിന് പകരം കിട്ടിയത് ഇഷ്ടികക്കഷണമാണ്.

ഡോ. മോര്‍പെന്‍ എന്ന കമ്പനിയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള ഉപകരണമാണ് അബ്ദു റഹ്മാന്‍ ഓർഡർ ചെയ്‌തത്. ഉൽപന്നത്തിൻറെ പേരും പരസ്യവുമുൾപ്പെടെയുള്ള പെട്ടിക്കുള്ളിലാണ് ഇഷ്ടികക്കഷണം എത്തിയത്. 970 രൂപയാണ് പ്രഷര്‍ മോണിറ്റര്‍ ഉപകരണത്തിന് അബ്ദു റഹ്മാൻ നൽകിയത്.

ഫ്ലിപ്കാര്‍ട്ടിന്‍റെ കസ്റ്റമര്‍ കെയറില്‍ അബ്ദു റഹ്മാന്‍ വിവരമറിയിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഇപ്പോഴും പരാതി പ്രോസസിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു കബളിപ്പിക്കലിന് ഇരയാവേണ്ടി വന്നതെന്ന് അബ്ദു റഹ്മാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആയുഷ് തിവാരി എന്നയാളുടെ പേരിലാണ് കൊറിയര്‍ അയച്ചിരിക്കുന്നതെന്നും അബ്ദു റഹ്മാന്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി നമ്പറടക്കമുള്ള ഇടപാടില്‍ ഇത്തരമൊരു ചതിവ് പ്രതീക്ഷിച്ചില്ലെന്ന് ‌ഇദ്ദേഹം പ്രതികരിച്ചു.