വാങ്കഡെയിൽ തലയുടെ വിളയാട്ടം, ഫിനിഷിംഗ് ടച്ച് നൽകി ക്യാപ്ടൻ ജഡേജ; കൊൽക്കത്തയ്ക്ക് 132 റൺസ് വിജയലക്ഷ്യം

Saturday 26 March 2022 9:39 PM IST

മുംബയ്: ഐ പി എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയ്ക്ക് 132 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുത്തു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിനെ ധോണിയുടെയും ക്യാപ്ടൻ ജഡേജയുടെയും ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ധോണി 38 പന്തിൽ 50 റണ്ണും ജഡേജ 28 പന്തിൽ 26 റൺസും നേടി.

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ റിതുരാജ് ഗെയ്ക്ക്വാദിനെ പുറത്താക്കി കൊണ്ട് കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഉമേഷ് യാദവ് നൽകിയത്. അഞ്ചാം ഓവറിൽ മറ്റൊരു ഓപ്പണർ ഡെവൺ കോൺവേയെയും അയ്യറിന്റെ കൈകളിൽ എത്തിച്ച യാദവ് നാല് ഓവറിൽ വെറും 20 റണ്ണാണ് വിട്ടുനൽകിയത്.

തുടർന്ന് വന്ന റോബിൻ ഉത്തപ്പ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും സ്വിംഗ് ബൗളർമാരെ നന്നായി പിന്തുണച്ച വാങ്കഡെയിലെ പിച്ചിൽ റൺസ് കണ്ടെത്തുക ദുഷ്കരമായിരുന്നു. വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് ക്രീസിൽ നിന്ന് പുറത്തു ചാടിയ ഉത്തപ്പയെ കൊൽക്കത്ത വിക്കറ്റ് കീപ്പർ ജാക്ക്സൺ സ്റ്റംപ് ചെയ്ത് പുറത്താക്കി. തുടർന്ന് ക്രീസിൽ ഒരുമിച്ച രവീന്ദ്ര ജഡേജയും ധോണിയും മെല്ലെ തുടങ്ങിയ ശേഷം അവസാന രണ്ട് ഓവറുകളിലെ കൂറ്രൻ അടികളിലൂടെയാണ് സ്കോർ ഉയത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും വരുൺ ചക്രവർത്തി ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 15 റണ്ണെടുത്ത് അമ്പാടി റായിഡു റണ്ണൗട്ടാവുകയായിരുന്നു.