വിചാരം വേണ്ടുന്ന വിദേശ വിദ്യാഭ്യാസം

Sunday 27 March 2022 12:00 AM IST

കേരളത്തിൽ നിന്നും വിദേശപഠനത്തിന് പോകുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണ് . വൈവിദ്ധ്യവും മേന്മയുമുള്ള വിദ്യാഭ്യാസം തേടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത് കുട്ടികളുടെ പ്രൊഫഷണൽ വളർച്ചയ്‌ക്ക് സഹായകമാണ്. വിദേശപഠനത്തിന് പോകുന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും തിരഞ്ഞെടുക്കുന്ന വിദേശ യൂണിവേഴ്സിറ്റികളെക്കുറിച്ച് ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. അതില്ലാത്തവർ വിദഗ്ദ്ധ ഉപദേശം തേടുക. വിദേശപഠനത്തിനു തയാറാകുന്ന കുട്ടികൾ ഭീമമായ പഠന ചെലവുകൾക്കായി ആദ്യം കണ്ടെത്തുന്ന സ്രോതസ് പാർടൈം ജോലി സാദ്ധ്യതകളാണ് . ഇതിന് മുൻപ് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളും സ്വകാര്യവ്യക്തികളും സംഘടനകളും ഫൗണ്ടേഷനുകളും വിദേശവിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകുന്ന സ്‌കോളർഷിപ്പുകളെക്കുറിച്ച് കൂടി അറിയുക. ഇതിനായി ശാസ്ത്രീയമായ കരിയർ ഗൈഡൻസ് ഉറപ്പാക്കുക. ഇത് വിദേശവിദ്യാഭ്യാസത്തിന്റെ ക്ളേശങ്ങൾ കുറയ്‌ക്കും.

വി.കെ. അനിൽകുമാർ

മണ്ണന്തല

ഫോൺ - 9961469993

സുരക്ഷയാണ് പ്രധാനം

കൊവിഡ് നിയന്ത്രണങ്ങളെ മാർച്ച് 31 മുതൽ ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ജനത്തിന് വലിയ ആശ്വാസമായെന്നും പറയാം. രണ്ട് വർഷമായി മാസ്കുമായി ജീവിച്ചവർക്ക് സ്വാതന്ത്ര്യത്തോടെ ശ്വസിക്കാൻ കിട്ടുന്ന അവസരമായി ഇതിനെ കാണുന്നവരുണ്ട്. ശരിതന്നെ, എന്നാൽ ലോകത്തെ വിറപ്പിച്ച മഹാമാരിയുടെ പശ്ചാത്തലത്തിൽ പിഴയീടാക്കുന്നതിന്റെ പേരിൽ മാത്രമാണോ നാം മാസ്‌ക് ഉപയോഗിക്കേണ്ടതെന്ന ചോദ്യം പ്രസക്തമാണ്. അതിനാൽ കൊവിഡ് ഭീഷണി പൂ‌ർണമായും ഒഴിവാകുന്നതു വരെ നാം സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ മാസ്‌ക് ധരിക്കുന്നതല്ലേ നല്ലത്.

പ്രമോദ് വിശ്വനാഥൻ

കുളത്തൂപ്പുഴ

പാഠം പഠിക്കാത്ത
കോൺഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും കോൺഗ്രസ് നേതാക്കൾ പാഠം പഠിക്കുന്നില്ലെന്നത് വിചിത്രമാണ്. ഫലം വന്നതിനുശേഷം എല്ലാ ചാനലുകളുടെയും അന്തിചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ യാതൊരു ഉളുപ്പുമില്ലാതെ സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ പഴിചാരുന്നതും കാണുമ്പോൾ അത്ഭുതപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ ഭരണപക്ഷത്തോളം പ്രാധാന്യമുണ്ട് പ്രതിപക്ഷത്തിന്. ഭരണം അഴിമതിരഹിതവും സമൂഹത്തിന്റെ ക്രമസമാധാനം കുറ്റമറ്റതും ആയിരിക്കണമെന്ന് ഉറപ്പാക്കേണ്ടതും തെറ്റായ കീഴ്വഴക്കങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതും പ്രതിപക്ഷത്തിന്റെ കടമയാണ്.

എന്നാൽ കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷം ഇല്ലെന്ന അവസ്ഥയാണ് ഇപ്പോൾ. ഇങ്ങനെ പോയാൽ 2024 ൽ കേന്ദ്രത്തിൽ നരേന്ദ്രമോദിയും 2026 ൽ കേരളത്തിൽ പിണറായി വിജയനും അധികാരത്തുടർച്ച നേടും . കേരളത്തിൽ മുസ്ലീംലീഗ് സഖ്യമില്ലെങ്കിൽ കോൺഗ്രസ് ഒറ്റസംഖ്യയിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണെന്നത് നേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും.
എ.കെ.അനിൽകുമാർ
നെയ്യാറ്റിൻകര

Advertisement
Advertisement