ദൃക്സാക്ഷിയുണ്ട്, പക്ഷേ,​ ആ തൊണ്ടിമുതൽ കിട്ടില്ല!

Sunday 27 March 2022 3:34 AM IST

കൊച്ചി: ചാരനെ നിയോഗിച്ച് നീണ്ട 17 വർഷംകൊണ്ട് ക്രൈംബ്രാഞ്ച് ചുരുളഴിച്ച പോണേക്കര ഇരട്ടക്കൊലക്കേസിലെ തൊണ്ടിമുതലായ 44 പവൻ സ്വ‌ർണവും 15പവൻ വെള്ളിനാണയങ്ങളും വീണ്ടെടുക്കാനുള്ള അന്വേഷണം അവസാനിപ്പിച്ചു. പ്രതി റിപ്പർ ജയാനന്ദൻ മോഷണമുതൽ വിറ്റ ചാലക്കുടിയിലെ സ്വകാര്യസ്ഥാപനം പൂട്ടിപ്പോകുകയും സ്ഥാപനയുടമ മരണപ്പെട്ടതുമാണ് തിരിച്ചടിയായത്.

ഇരട്ടക്കൊലയ്ക്ക് ശേഷം ജയാനന്ദൻ സ്ഥാപനത്തിൽ എത്തിയിരുന്നതായി ജീവനക്കാരന്റെ മൊഴിയുണ്ട്. മറ്റ് കവർച്ചാ ആഭരണങ്ങളും ജയാനന്ദൻ ഇതേ സ്ഥാപനത്തിലാണ് വിറ്റിട്ടുള്ളത്. 2004 മേയ് 30ന് ഇടപ്പള്ളി പോണേക്കര ചേന്ദൻകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിൻ 'സമ്പൂർണ"യിൽ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ വി.നാണിക്കുട്ടി അമ്മാളും (73), സഹോദരിയുടെ മകൻ ടി.വി.നാരായണ അയ്യരുമാണ് (60) കൊല്ലപ്പെട്ടത്.

എഴുപത് വയസുകാരിയായിട്ടും പീഡിപ്പിച്ചതാണ് റിപ്പറിനെ പിന്തുടരാൻ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിച്ചത്. വീട്ടുപരിസരത്തുനിന്ന് കിട്ടിയ പാരകൊണ്ട് രാത്രി ഒന്നരയോടെ പൂട്ടുപൊളിച്ച് കയറുകയും മുന്നിൽക്കണ്ട ഇരുവരെയും തലയ്ക്കടിച്ച് വകവരുത്തുകയുമായിരുന്നു.

സഹതടവുകാരന്റെ മനസ്സുലച്ച കുറ്റബോധത്തെ തുടർന്നാണാണ് പോണേക്കരയിലെ അരുംകൊലയ്ക്ക് പിന്നിലും റിപ്പറാണെന്ന് പുറംലോകം അറിഞ്ഞത്. വിമുക്തഭടനായ സഹതടവുകാരൻ ഒരുവർഷം മുമ്പ് ജില്ലാ ജഡ്‌ജിക്ക് എഴുതിയ കത്താണ് ഇരട്ടക്കൊലയുടെ ചുരുളഴിച്ചത്. കത്ത് പരിഗണിച്ച ജഡ്‌ജി അന്വേഷണത്തിന് നിർദ്ദേശിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ജയാനന്ദനൊപ്പം സഹതടവുകാരനായി ചാരനെ നിയോഗിക്കുകയായിരുന്നു. പുത്തൻവേലിക്കര ബേബി വധക്കേസിൽ തന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ സന്തോഷ പ്രകടനത്തിനിടെയാണ് ഇരട്ടക്കൊലപാതകവും ലൈംഗിക വൈകൃതങ്ങളും തിരുവനന്തപുരം സ്വദേശിയായ സഹതടവുകാരനോട് വീരകഥയായി റിപ്പർ വിളമ്പിയത്.

ആദ്യം പണയം, പിന്നെ വില്പന

മോഷ്ടിച്ച സ്വ‌ർണാഭരണങ്ങളും മറ്റും ചാലക്കുടിയിലെ സ്ഥാപനത്തിൽ പണയം വയ്ക്കുകയാണ് ജയാനന്ദൻ ആദ്യം ചെയ്യുക. ഇതിന് നിശ്ചിതതുക കൈപ്പറ്റും. പിന്നീട് നേരിട്ടെത്തി വില്പന നടത്തി പലിശകിഴിച്ച് ബാക്കിതുകയുമായി മടങ്ങും. എത്രരൂപയ്ക്കാണ് പോണേക്കരയിലെ സ്വ‌ർണവും വെള്ളിയും വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല.

ഫലം കിട്ടിയാൽ ഉടൻ കുറ്റപത്രം

നാണിക്കുട്ടി അമ്മാളും നാരായണ അയ്യരും ധരിച്ചിരുന്ന വസ്ത്രവും സ്ഥലത്തുനിന്ന് ശേഖരിച്ച മറ്റു തെളിവുകളും വീണ്ടും ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ നിന്ന് റിപ്പറിലേക്ക് എത്തുന്ന തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് ശാസ്ത്രീയ സാഹചര്യ തെളിവുകളെല്ലാം ക്രൈംബ്രാഞ്ചിന്റെ കൈവശവുണ്ട്. ഡി.എൻ.എ റിപ്പോ‌ർട്ട് ലഭിച്ചാൽ അടുത്തമാസം കുറ്റപത്രം നൽകും.

6 കേസിൽ 8 കൊലപാതകം

(2003-06ൽ റിപ്പർ ജയാനന്ദൻ നടത്തിയ കൊലപാതകങ്ങൾ)​

• മാള ജോസ് വധം

• മാള നസീബ, സോഫിയ ഇരട്ടക്കൊല

• പറവൂ‌ർ സുഭാഷ് വധം

• മതിലകം നി‌ർമ്മല, സഹദേവൻ ഇരട്ടക്കൊല

• പുത്തൻവേലിക്കര ബേബി വധം

• വടക്കേക്കര ഏലിക്കുട്ടി വധം

Advertisement
Advertisement