എം.ജി കലോത്സവം ഒന്ന് മുതൽ പത്തനംതിട്ടയിൽ

Sunday 27 March 2022 12:02 AM IST
കലോത്സവത്തി​ന് മുന്നോടി​യായി​ പരി​ശീലനം നടത്തുന്ന പത്തനംതി​ട്ട കാതോലി​ക്കേറ്റ് കോളേജ് വി​ദ്യാർത്ഥി​കൾ

പത്തനംതിട്ട : ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ മുന്നൂറിൽപ്പരം കോളേജുകളിൽ നിന്നായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്‌സണും ആരോഗ്യമന്ത്രിയുമായ വീണാജോർജ്, വർക്കിംഗ് ചെയർമാൻ അഡ്വ.റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ ഏഴ് വേദികളിലാണ് മത്സരങ്ങൾ. ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ക്രമീകരിച്ചിട്ടുണ്ട്. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. ഇവിടെ ആയിരം പേർക്ക് ഇരിക്കാം. കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയം, കോളേജ് വോളിബാൾ കോർട്ട്, സെമിനാർ ഹാളുകൾ എന്നിവയാണ് മറ്റു വേദികൾ. 61 ഇനങ്ങളിലാണ് മത്സരങ്ങൾ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലും മത്സരിക്കാൻ അവസരം നൽകും.

ഒന്നിന് വൈകിട്ട് മൂന്നിന് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കംകുറിക്കും. കോളേജ് വിദ്യാർത്ഥികൾ കേരളീയ വേഷത്തിൽ ഘോഷയാത്രയിൽ അണിനിരക്കും. മലബാർ തെയ്യം, പുലികളി, കൂട്ടക്കാവടി, മയൂരനൃത്തം, അർജുനനൃത്തം, പടയണി, കോലങ്ങൾ, പമ്പമേളം, പഞ്ചവാദ്യം, ബാൻഡ് സെറ്റുകൾ, റോളർസ്‌കേറ്റേിംഗ്, എൻ. സി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ്, നിശ്ചല ദൃശ്യങ്ങൾ എന്നിവ പൊലിമയേകും. വൈകിട്ട് അഞ്ചിന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വീണാജോർജ് അദ്ധ്യക്ഷതവഹിക്കും. ചലച്ചിത്രതാരം നവ്യാനായർ, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ, ആന്റണി വർഗീസ് പേപ്പ, സൂപ്പർ ശരണ്യ സിനിമ ഫെയിം അനശ്വര രാജൻ, ഐ.എം.വിജയൻ, ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ, നടൻ കൈലാഷ് തുടങ്ങിയവർ ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസം രാത്രി 8 മുതൽ മത്സരങ്ങൾ ആരംഭിക്കും.

തിരുവാതിരകളി ജില്ലാസ്റ്റേഡിയത്തിലും ഗ്രൂപ്പ് സോംഗ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കോളേജ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. വാർത്താസമ്മേളനത്തിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ വാസന്ത് ശ്രീനിവാസൻ, ജനറൽ സെക്രട്ടറി പി.എസ്.വിപിൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement