വിറകൈകളോടെ ശാരദടീച്ചർ ഓവർ‌കോട്ടും ജുബയും കൈമാറി: ശാരദാസിൽ നിന്ന് നായനാരുടെ ഓർമ്മശേഷിപ്പുകൾ മ്യൂസിയത്തിലേക്ക്

Saturday 26 March 2022 11:50 PM IST

കണ്ണൂർ: കയ്യൂർ സമര സേനാനിയും രണ്ട്‌ തവണ കേരള മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ്‌ ബ്യൂറോഅംഗവും സംസ്ഥാന സെക്രട്ടറിയുമെല്ലാമായിരുന്ന ഇ.കെ.നായനാരുടെ ഓർമ്മശേഷിപ്പുകൾ നായനാർ അക്കാഡമിക്ക് കൈമാറുമ്പോൾ ശാരദടീച്ചർക്ക് ഒട്ടും സംശയമില്ലായിരുന്നു. സമരനായകനായും മുഖ്യമന്ത്രിയായും പാർട്ടി സെക്രട്ടറിയായും കേരളത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ നിറഞ്ഞ കല്യാശേരിയിലെ ‘ശാരദാസി’ൽ ഉള്ള ശേഷിപ്പുകൾ

നാടിന് അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനം തന്നെയായി ഈ കൈമാറ്റം.

സഖാവിന്റെ ചിരസ്‌മരണ തുടിക്കുന്ന അക്കാഡമിയിലെ മ്യൂസിയത്തിലേക്ക്‌ മനസറിഞ്ഞാണ് ശാരദടീച്ചർ ഇവയെല്ലാം കൊടുത്തത്. പ്രിയ സഖാവിന്റെ ഓർമ്മകൾ നാടിന്റെ കൂടിയാണെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ആത്‌മനിഷ്‌ഠമായ ദു:ഖങ്ങൾ പാടെ മാറ്റി എല്ലാം കൈമാറിയത്‌.

നായനാരുടെ രൂപം ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന ഓവർക്കോട്ടും ജൂബയും വിറക്കുന്ന കൈകളോടെയാണ് ടീച്ചർ സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‌ കൈമാറിയത്. പിന്നാലെ എന്നും കൂടെ കൊണ്ടു നടന്ന പോക്കറ്റ്‌ റേഡിയോ, യാത്രയിലെ കൂട്ടായിരുന്ന ഷൂട്ട്‌ കേസ് ബാഗുകൾ, അവസാനം ധരിച്ച വസ്‌ത്രങ്ങൾ, പേന, കണ്ണട, ബെൽറ്റ്‌, വാച്ച്‌, ചെരുപ്പ്‌ തുടങ്ങിവയും കെമാറി. ശാരദാസിൽ നായനാരുടെ പ്രിയപ്പെട്ട ചാരുകസേരയും ഇനി മ്യൂസിയത്തിന്‌ സ്വന്തം.

വിമാന യാത്രകളുടെ ബോർഡിംഗ് പാസുകളും യാത്രാ ടിക്കറ്റുകളും സൂക്ഷിച്ചുവെക്കുന്നത്‌ സഖാവിന്റെ ഹരമായിരുന്നു. അങ്ങനെ നടത്തിയ അനേകമനേകം യാത്രകളുടെ വിവരങ്ങൾ മനസിലാക്കാൻ ഉതകുന്ന ടിക്കറ്റുകളും ഇനി നായനാർ മ്യൂസിയത്തിലുണ്ടാകും. പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ നായനാരുടെ കൈയിൽ നിരവധി ഇംഗ്ലീഷ്‌, മലയാളം പത്രങ്ങൾ ഉണ്ടാകും. അവ ഉയർത്തിക്കാട്ടിയാണ്‌ ശ്രോതാക്കളോട്‌ സംവദിച്ചിരുന്നത്‌.

നിരവധിവാർത്തകളുടെയും നായനാരെ കുറിച്ചുള്ള വാർത്താകട്ടിംഗുകളും കൈമാറിയതിലുണ്ട്‌. സഖാവുമൊത്ത്‌ ക്ലിഫ്‌ ഹൗസിൽ നിന്നും എടുത്ത ഗ്രൂപ്പ്‌ ഫോട്ടോ ടീച്ചർക്ക്‌ ജീവന്റെ ഭാഗമായിരുന്നു. അതും മ്യൂസിയത്തിന് നൽകി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement