റോയൽസിന്റെ പ്രാങ്കിന് ആരാധകരുടെ പ്രാക്ക്

Sunday 27 March 2022 12:44 AM IST

മുംബയ്: ഐ.പി.എൽ സീസൺ തുടങ്ങുന്നതിന് മുമ്പ് ആരാധകരെ അമ്പരിപ്പിക്കാൻ ക്യാപ്ടൻ സഞ്ജു സാംസണെ ട്രോളി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും സഞ്ജു അതിനെ ഗൗരവത്തിലെടുത്തു എന്ന് വരുത്തി ആകാംക്ഷ ജനിപ്പിച്ചു എന്ന് വരുത്തിയശേഷം എല്ലാം ' പ്രാങ്ക് ' ആയിരുന്നുവെന്ന് വെളിപ്പെടുത്തിയ രാജസ്ഥാൻ റോയൽസിന് ഒടുവിൽ ഒടുവിൽ കിട്ടിയത്,നാണക്കേടും ആരാധകരുടെ പ്രാക്കും.നേരത്തേ സഞ്ജുവിനുപകരം യുസ്‌വേന്ദ്ര ചഹലിനെ ക്യാപ്ടനാക്കിയും ടീം സോഷ്യൽ മീഡിയ അഡ്മിൻ പാനൽ പ്രാങ്കൊരുക്കിയിരുന്നു. പ്രാങ്കുകൾ പാളിയതോടെ ശ്രദ്ധ നേടാൻ ഇങ്ങനെയുള്ള പറ്റിപ്പുപരിപാടികൾക്ക് മുതിരാതെ കളിക്കളത്തിൽ മികവ് കാട്ടണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ തന്നെ സഞ്ജുവിനോടും ടീമിനോടും രോഷത്തോടെ ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കം ഇങ്ങനെ സഞ്ജു കളിയാക്കുന്ന ഫോട്ടോഷോപ്പ് ചിത്രം വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസ് ടീമിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു. ടീം ബസിൽ സഞ്ജു യാത്ര ചെയ്യുന്ന ചിത്രത്തിൽ സഞ്ജുവിന് ഒരു കോമാളി തലപ്പാവും കറുത്ത കണ്ണടയും കമ്മലും എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്ത ശേഷം എത്ര സുന്ദരമായിരിക്കുന്നുവെന്ന് തലക്കെട്ടും നൽകി. എന്നാല്‍ ഈ ട്വീറ്റ് ഇഷ്ടപ്പെട്ടില്ല രീതിയിലുള്ള സഞ്ജുവിന്റെ മറുപടിയെത്തി. 'സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം.' എന്ന് ട്വീറ്റ് ചെയ്ത സഞ്ജു പിന്നാലെ ടീമിന്റെ ഒഫിഷ്യൽ ട്വിറ്റർ ഹാൻഡിലിനെ അൺഫോളോ ചെയ്യുകയും ചെയ്തു. തുടർന്ന് റോയൽസ് ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒപ്പം സോഷ്യൽ മീഡിയാ ടീമിനെ മാറ്റുകയാണെന്ന് വിശദീകരണക്കുറിപ്പും നൽകി. ഇതിന് പിന്നാലെ 'വൺ ലാസ്റ്റ് ടൈം' എന്ന പേരിൽ റോയൽസ് അഞ്ചു മിനിട്ടോളം ദൈർഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പുറത്താക്കപ്പെട്ട അഡ്മിൻ രാജസ്ഥാൻ താരങ്ങളുടേയും പരിശീലകരുടേയും ടീം ഉടമകളുടേയും അടുത്തു ചെല്ലുന്നതാണ് ഈ വീഡിയോയിലുള്ളത്. എല്ലാവരും അഡ്മിനെ കയ്യൊഴിയുന്നതും പുറത്താക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി പോസ്റ്റു ചെയ്താണ് ഇതെല്ലാം വെറും നാടകമായിരുന്നെന്ന് അറിയിച്ചത്. ടീം ഉടമകൾ പുതിയ സോഷ്യൽ മീഡിയ ടീമിനെ കണ്ടെത്താൻ ഓഡിഷൻ നടത്തുന്നതായിട്ടുള്ള ഈ വീഡിയോയിൽ അനുയോജ്യരായ ആളുകളെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പുറത്താക്കിയവരെ വീണ്ടും സോഷ്യൽ മീഡിയ ചുമതല ഏൽപ്പിക്കുന്നു. ഇതിനൊടുവിൽ 'സംവിധാനം- ആർ. ആർ അഡ്മിൻ' എന്ന് എഴുതിക്കാണിക്കുന്നു. ഇതോടെയാണ് സംഭവം നാടകമായിരുന്നെന്ന് ആരാധകർക്ക് മനസ്സിലായത്. അതുവരെ ഇതെല്ലാം ഗൗരവമായ കാര്യമാണെന്ന് കരുതി സോഷ്യൽ മീഡിയയിൽ ഇടപെട്ടിരുന്ന ആരാധകർ ടീം മാനജ്സെന്റിനെതിരെ ശകാരവർഷവും തുടങ്ങി.

Advertisement
Advertisement