ചെന്നൈയുടെ ചിറകരിഞ്ഞ് കൊൽക്കത്ത

Sunday 27 March 2022 12:54 AM IST

മുംബയ് : ഐ.പി.എൽ 15-ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

ധോണിയിൽ നിന്ന് ക്യാപ്ടൻസി ഏറ്റെടുത്തിറങ്ങിയ രവീന്ദ്ര ജഡേജയും സംഘവും നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. 38 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 50 റൺസടിച്ച ധോണിയും 28 പന്തുകളിൽ ഒരു സിക്സടക്കം പുറത്താകാതെ 26 റൺസ് നേടിയ ജഡേജയും ചേർന്നാണ് 61/5 എന്ന നിലയിൽ നിന്ന് ഈ സ്കോറിലെത്തിച്ചത്. ഒൻപത് പന്തുകൾ ബാക്കിനിൽക്കേയാണ് കൊൽക്കത്ത സീസണിലെ ആദ്യ വിജയം നേടിയത്.

രണ്ടുവർഷത്തിന് ശേഷമുള്ള ഐ.പി.എൽ അർദ്ധസെഞ്ച്വറിയുമായി മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തിളങ്ങിയെങ്കിലും വിജയം ചെന്നൈയെ തേടിയെത്തിയില്ല.ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നുപോലും ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെ(44)യും സാം ബില്ലിംഗ്സും (25),നിതീഷ് റാണയും (21),ശ്രേയസ് അയ്യരും (20നോട്ടൗട്ട്) ചേർന്ന് കൊൽക്കത്തയ്ക്ക് മനോഹരമായ വിജയത്തുടക്കം നൽകുകയായിരുന്നു.

നായക വേഷത്തിലെ ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങിയ രവീന്ദ്ര ജഡേജയ്ക്ക് നാണയഭാഗ്യം ലഭിച്ചില്ല. ബാറ്റിംഗിനിറങ്ങി മൂന്നാം പന്തിൽത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.ഉമേഷിന്റെ ഒരു ഷോർട്ട് ബാളിനെ വീശിയടിക്കാൻ ശ്രമിച്ച റിതുരാജ് ഗെയ്ക്ക്‌വാദ് (0)നിതീഷ് റാണയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ റോബിൻ ഉത്തപ്പ സീസണിലെ ആദ്യ സിക്സിന് തിരികൊളുത്തിയെങ്കിലും ഉമേഷ് തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരുടെ ചങ്ക് തകർത്തു. ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ളെമിംഗിന്റെ നാട്ടുകാരനായ ഓപ്പണർ ഡെവോൺ കോൺവോയെ (3) മിഡ്ഓണിൽ ശ്രേയസ് അയ്യരുടെ കയ്യിലെത്തിക്കുകയായിരുന്നു ഉമേഷ്.

തുടർന്ന് ക്രീസിലൊരുമിച്ച ഉത്തപ്പയും അമ്പാട്ടി റായ്ഡുവും മുന്നേറാൻ ശ്രമിച്ചെങ്കിലും 49ലെത്തിയപ്പോഴേക്കും ഉത്തപ്പ കൂടാരം കയറി. 21 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സും പായിച്ച ഉത്തപ്പ എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയെ ഇറങ്ങിയടിക്കാനുള്ള ശ്രമത്തിനിടെ കൊൽക്കത്ത വിക്കറ്റ് കീപ്പർ ജാക്സണിനാൽ സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. അടുത്ത ഓവറിൽ ജഡേജയുമായുള്ള ആശയക്കുഴപ്പത്തെതുടർന്ന് അമ്പാട്ടി (15) റൺഒൗട്ടായി. തുടർന്നെത്തിയ ശിവം ദുബെ(3) 10.5-ാം ഓവറിൽ റസലിന്റെ ബൗളിംഗിൽ നരെയ്ന് ക്യാച്ച് നൽകുകകൂടിചെയ്തതോടെ ചെന്നൈ അഞ്ചിന് 61 എന്ന നിലയിലായി.

തുടർന്നാണ് പഴയനായകനും പുതിയ നായകനും ക്രീസിൽ ഒരുമിച്ചത്. ഇരുവരും ശ്രദ്ധയോടെ കളിച്ച് പതിയെ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു.18-ാം ഓവറിലാണ് ടീം നൂറിലെത്തിയത്. അവസാന രണ്ടോവറിൽ ധോണി വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച് അർദ്ധസെഞ്ച്വറിയിലെത്തുകയായിരുന്നു.

കൊൽക്കത്തയ്ക്കായി ഉമേഷ് യാദവ് നാലോവറിൽ 20 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.വരുണും റസലും ഓരോ വിക്കറ്റ് നേടി.

മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും വെങ്കിടേഷ് അയ്യരും(16) ചേർന്ന് ഓപ്പണിംഗിൽ 6.2 ഓവറിൽ 43റൺസ് കൂട്ടിച്ചേർത്തു.ഏഴാം ഓവറിൽ വെങ്കിടേഷിനെ ധോണിയുടെ കയ്യിലെത്തിച്ച ബ്രാവോ പത്താം ഓവറിൽ നിതീഷ് റാണയെ(21) അമ്പാട്ടിയെയും ഏൽപ്പിച്ചപ്പോൾ കൊൽക്കത്ത 76/2 എന്ന നിലയിലായി.12-ാം ഓവറിൽ സാന്റ്നർ രഹാനെയെയും മടക്കി അയച്ചെങ്കിലും നായകൻ ശ്രേയസ് അയ്യരും സാം ബില്ലിംഗ്സും ചേർന്ന് മുന്നോട്ടു നയിച്ചു.

24

ഐ.പി.എല്ലിൽ ധോണി നേടിയ അർദ്ധസെഞ്ച്വറികളുടെ എണ്ണം. ഇതിൽ ഇന്നലത്തേത് ഉൾപ്പടെ 20 തവണയും ധോണി പുറത്താകാതെ നിൽക്കുകയായിരുന്നു.

2019 സീസണിൽ ആർ.സി.ബിക്കെതിരെ 84 റൺസ് നേടിയ ശേഷം ആദ്യമായാണ് ധോണി ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറി കണ്ടെത്തുന്നത്

Advertisement
Advertisement