ഇ-ഇൻവോയിസ്: തുക കുറയ്ക്കരുതെന്ന് എ.കെ.ജി.എസ്.എം.എ

Monday 28 March 2022 3:15 AM IST

കൊച്ചി: കേരളത്തിലെ സ്വർണ വ്യാപാരമേഖലയ്ക്ക് മാത്രമായി ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കൊച്ചിയിൽ ചേർന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നുമുതൽ ഇ-ഇൻവോയിസിന്റെ പരിധി 50 കോടി രൂപയിൽ നിന്ന് 20 കോടി രൂപയാക്കാനുള്ള നീക്കവും ഉപേക്ഷിക്കണം.

സർക്കാർ നടപടികൾ പ്രാബല്യത്തിലായാൽ പത്തുഗ്രാം സ്വർണം കൊണ്ടുപോകാനും ഇ-വേ ബിൽ വേണ്ടിവരും. സ്വർണാഭരണം അണിഞ്ഞുനടക്കുന്നവരെ കൂടി പരിശോധിക്കേണ്ട സ്ഥിതിവരും. ഇത് സ്വർണ വ്യാപാരമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. യോഗം മുൻ പ്രസിഡന്റ് ബി.ഗിരിരാജൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്ര, പി.കെ.അയമുഹാജി, സി.വി. കൃഷ്ണദാസ്, കണ്ണൻ ശരവണ, അരുൺ നായ്ക്ക് തുടങ്ങിയവർ സംസാരിച്ചു.

പണിമുടക്ക് പുനഃപരിശോധിക്കണം

സാമ്പത്തികവർഷത്തിന്റെ അവസാനദിനങ്ങളിലെ പണിമുടക്ക് വാണിജ്യ, സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്‌ടിക്കുമെന്നും പണിമുടക്കിന്റെ തീയതികൾ പുനഃപരിശോധിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

നാലുനാൾ ബാങ്കുകൾ അടച്ചിടുന്നത് വലിയ തിരിച്ചടിയാണ്. പണിമുടക്കിന് ആധാരമായ വിഷയങ്ങളോട് യോജിപ്പാണ്. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറവേ ജനങ്ങളെ മുഴുവൻ സ്തംഭിപ്പിക്കുന്ന പണിമുടക്കുരീതി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisement
Advertisement