സൗഹാനെ കാണാതായിട്ട് എട്ട് മാസം; പ്രതീക്ഷ വറ്റാത്ത കാത്തിരിപ്പിൽ കുടുംബം

Sunday 27 March 2022 10:47 PM IST
മുഹമ്മദ് സൗഹാൻ

മലപ്പുറം: മകന് വേണ്ടിയുള്ള കാത്തിരിപ്പാണ്. എവിടെയോ ദൂരത്ത് ജീവിച്ചിരിപ്പുണ്ടാകാം. തിരിച്ചു വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ നിന്നും കാണാതായ 15 വയസുകാരൻ മുഹമ്മദ് സൗഹാന്റെ മാതാവ് ഏറെ വേദനയോടെയാണ് ഇക്കാര്യം പറയുന്നത്. മുഹമ്മദ് സൗഹാനെ കാണാതായി എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കേസന്വേഷിക്കുന്ന അരീക്കോട് പൊലീസിനോ ക്രൈം ബ്രാഞ്ചിനോ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. മനോവൈകല്യമുള്ള സൗഹാനെ കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് അന്വേഷണം ഊർജിതമാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം ആഗസ്റ്റ് 14നാണ് സൗഹാനെ കാണാതായത്. വീടിന്റെ സമീപത്ത് നിന്നാണ് കാണാതായതെന്ന് കുടുംബം പറഞ്ഞതിനെ തുടർന്ന് തൊട്ടടുത്തുള്ള ചെക്കുന്ന് മലയുടെ കാടുപിടിച്ച ഭാഗങ്ങളിലടക്കം നിരവധി ദിവസം തെരച്ചിൽ നടത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളെത്തിയാണ് തെരച്ചിൽ നടത്തിയിരുന്നത്. കാണാതായ ദിവസം രാത്രിയിൽ റോഡിൽ നിറുത്തിയിട്ടിരുന്ന കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. സി.സി ടി.വി പരിശോധനയും വിഫലമായിരുന്നു.

കേസ് ക്രൈം ബ്രാഞ്ചിൽ

അരീക്കോട് പൊലീസിൽ നിന്നും കേസ് ക്രൈെം ബ്രാഞ്ചിന് കൈമാറിയിട്ട് മാസങ്ങളേറെയായി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ആദ്യഘട്ടത്തിൽ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തെ കുറിച്ചും ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കാനായി മലപ്പുറം ജില്ലാ കളക്ടറെയടക്കം കുടുംബം സമീപിച്ചിരുന്നു.

തട്ടിക്കൊണ്ടു പോയതാണോ ?

മകൻ ജീവിച്ചിരിപ്പുണ്ടെന്നും തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നുമാണ് മാതാവ് ഖദീജ പറയുന്നത്. ഏറെ ദൂരത്തായിരിക്കാം, തിരിച്ച് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പൊലീസിന്റെ ഭാഗത്ത് നിന്ന് കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ ലഭിച്ചില്ലെന്നും മാതാവ് പറയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.

Advertisement
Advertisement