നാടുകാണി- പരപ്പനങ്ങാടി പാത: നിലമ്പൂർ ടൗണിൽ റോഡിന് 12 മീറ്റർ വീതി ഉറപ്പാക്കും

Sunday 27 March 2022 11:10 PM IST
റോഡ്

നിലമ്പൂർ: നാടുകാണി - പരപ്പനങ്ങാടി പാതയുടെ നിലമ്പൂർ ടൗണിലെ റോഡിന്റെ വീതി 12 മീറ്ററാക്കാനും ഏപ്രിൽ 20നകം സർവ്വേ പൂർത്തീകരിക്കാനും പി.വി.അൻവർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നിലമ്പൂർ നഗരസഭയിൽ നടന്ന യോഗത്തിൽ തീരുമാനം. കരിമ്പുഴ മുതൽ വടപുറം വരെയുള്ള കെ.എൻ.ജി റോഡിൽ നിലവിൽ പലയിടങ്ങളിലും 12 മീറ്റർ വീതിയില്ല. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് അളന്ന് 12 മീറ്റർ കുറവുള്ള ഭാഗങ്ങളിൽ 12 മീറ്റർ ഉറപ്പാക്കും. യോഗത്തിൽ പങ്കെടുത്ത കെട്ടിട ഉടമകകളും വ്യാപാരികളും റോഡ് വീതി കൂട്ടാനുള്ള തങ്ങളുടെ പിന്തുണ എം.എൽ.എയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് അടുത്തയാഴ്ച്ച മുതൽ സർവ്വേ നടത്തി റോഡിന്റെ ഭാഗം മാർക്ക് ചെയ്യും. ഉടനെ പ്രവൃത്തി ആരംഭിക്കും. ഈ ഭാഗത്തെ വനഭൂമി സംബന്ധമായ കാര്യങ്ങൾക്ക് വനംവകുപ്പുമായി സംസാരിച്ച് ഇടപെടൽ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.

നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കക്കാടൻ റഹിം, പി.എം.ബഷീർ, സ്ക്കറിയ ക്നാംതോപ്പിൽ, കൗൺസിലർമാരായ പി.ഗോപാലകൃഷ്ണൻ, ഇസ്മയിൽ എരഞ്ഞിക്കൽ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എ.ഇ.മുഹസിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വിനോദ് പി. മേനോൻ, നിലമ്പൂർ റെയ്ഞ്ച് ഓഫീസർ സനിൽ, പനയം കോട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ സജീവൻ, നഗരസഭാ സെക്രട്ടറി ബിനുജി, കെട്ടിട ഉടമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

മാറ്റങ്ങൾ വരും

  • നാടുകാണി-പരപ്പനങ്ങാടി പാതയുടെ നിലമ്പൂർ ഭാഗത്തെ വീതി കൂട്ടാൻ യോഗം തീരുമാനിച്ചതിനെ തുടർന്ന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം അടിയന്തരമായി ചേരും.
  • ഓട്ടോറിക്ഷകളുടെ പാർക്കിംഗ്‌ ഉൾപ്പെടെയുള്ള കാര്യങ്ങളിലും യോഗത്തിൽ തീരുമാനിക്കും.
  • റോഡ് സൈഡുകളിൽ കച്ചവടം ചെയ്യുന്ന തെരുവ് കച്ചവടക്കാരുടെ യോഗവും ചേരും.

നിലമ്പൂരിലെ വാഹന കുരുക്ക് പരിഹരിക്കാനും നാടുകാണി പരപ്പനങ്ങാടി പാതയുടെ ഗുണം ലഭിക്കാനും 12 മീറ്റർ വീതി അനിവാര്യമാണ്

പി.വി. അൻവർ എം.എൽ.എ

Advertisement
Advertisement