പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് സ്കൂൾ തുറക്കൽ

Monday 28 March 2022 12:11 AM IST

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷം ജൂൺ ഒന്നിനുതന്നെ പ്രവേശനോത്സവത്തോടെ ആരംഭിക്കും. ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പരിഗണനയും അടുത്ത അദ്ധ്യയന വർഷം മുതലുണ്ടാകും. കൊവിഡ് കാലത്തിനുശേഷം ആദ്യത്തെ ഔദ്യോഗിക പ്രവേശനോത്സവമാണിത്. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രവേശനോത്സവം വൻ പ്രാധാന്യത്തോടെ നടത്തും.

എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ തുടങ്ങിയ സ്ഥാപനങ്ങളുമായും അദ്ധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വകുപ്പ് സ്കൂൾ തുറക്കൽ സംബന്ധമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. തയ്യാറെടുപ്പുകൾ പ്രധാനമായും പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായാണ് നടത്തുക. പി.ടി.എകൾ പുനഃസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും. സ്കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ട് അക്കാഡമിക് മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മേയ് മാസത്തിൽ ശിൽപശാലകൾ നടത്തും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള
പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ നൽകും.

ഒന്നു മുതൽ ഏഴുവരെ ക്ളാസുകളിലെ അദ്ധ്യാപകരുടെ പരിശീലനം മേയ് മാസത്തിൽ പൂർത്തിയാക്കും. മറ്റ് അദ്ധ്യാപകരുടെ പരിശീലനം ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും.

സ്കൂൾ തുറക്കുന്നതിനു മുൻപ് എല്ലാ ക്ളാസുകളിലെയും പാഠപുസ്തകം വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പിലെ അഴിമതി തടയാൻ വിജിലൻസ് ശക്തിപ്പെടുത്താനും ആലോചിക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement