പത്തിനും പന്ത്രണ്ടിനും പരീക്ഷാച്ചൂട്

Monday 28 March 2022 12:55 AM IST

പത്തനംതിട്ട : ജില്ലയിൽ 10,627 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് പരീക്ഷ നടക്കുക. 166 കേന്ദ്രങ്ങളിലായി 5068 പെൺകുട്ടികളും 5559 ആൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. തിരുവല്ല ഉപജില്ലയിൽ 3779 വിദ്യാർത്ഥികളും പത്തനംതിട്ട ഉപജില്ലയിൽ 6848 വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇത്തവണ രാവിലെയാണ് പരീക്ഷ നടക്കുന്നത്. തിരുവല്ല എം.ജി.എം സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെ അഭിമുഖീകരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ജില്ലയിലെത്തി. 29 ക്ലസ്റ്രറുകളായാണ് ചോദ്യ പേപ്പർ സൂക്ഷിക്കുന്നത്. പരീക്ഷയു‌ടെ അന്ന് രാവിലെ മാത്രമേ ചോദ്യ പേപ്പർ സ്കൂളിന് കൈമാറുകയുള്ളൂ. വിദ്യാർത്ഥികളുടെ അദ്ധ്യയന സംവിധാനത്തെ തന്നെ മാറ്റിയെഴുതിയാണ് കൊവിഡ് സാഹചര്യത്തിൽ രണ്ടുവർഷം കടന്നുപോയത്. ഓൺലൈൻ പഠനം ഇപ്പോഴും വിദ്യാർത്ഥികൾക്ക് പൂർണമായും അംഗീകരിക്കാൻ പറ്റിയിട്ടില്ല. സ്കൂളിൽ അധിക ക്ലാസുകളെടുത്ത് കുട്ടികൾക്ക് ആവശ്യമായ സംശയങ്ങൾ തീർക്കാൻ അദ്ധ്യാപകർ ശ്രമിച്ചിരുന്നു. എല്ലാ വർഷവും എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടുന്ന ജില്ല കൂടിയാണ് പത്തനംതിട്ട.

ഹയർസെക്കൻഡറി പരീക്ഷയ്ക്ക് 12,500 കുട്ടികൾ

ജില്ലയിൽ ഹയർസെക്കൻഡറി പ്ലസ് ടു പരീക്ഷയ്ക്ക് 12,500 കുട്ടികൾ. പെൺകുട്ടികൾ 6095, ആൺകുട്ടികൾ 6405. ഏറ്റവും കുറവ് പേർ പരീക്ഷ എഴുതുന്നതിൽ മൂന്നാംസ്ഥാനത്താണ് ജില്ല. എസ്.എസ്.എൽ.സിയിൽ നിന്ന് വിപരീതമായി ഹയർസെക്കൻഡറി ഫലം വരുമ്പോൾ പലപ്പോഴും ജില്ല പിന്നാക്കം പോകാറുണ്ട്.

106 കേന്ദ്രങ്ങളിലായാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്.

എസ്.എസ്.എൽ.സി പരീക്ഷ

പരീക്ഷ തീയതി : മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ

എഴുതുന്ന വിദ്യാർത്ഥികൾ : 10,627.

ഹയർസെക്കൻഡറി പരീക്ഷ

പരീക്ഷ തീയതി : മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ

എഴുതുന്ന വിദ്യാർത്ഥികൾ : 12,500.

പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒാൺലൈൻ പഠനത്തിലൂടെയും റഗുലർ ക്ളാസുകളിലൂടെയും വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനാകും.

ബീനാറാണി,

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

Advertisement
Advertisement