ചെങ്ങറ സമരക്കാർക്ക് ഭൂമി ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് രണ്ടിന്

Monday 28 March 2022 12:02 AM IST

പത്തനംതിട്ട : ചെങ്ങറ, അരിപ്പ സമരങ്ങൾ കൃഷിഭൂമി നൽകി പരിഹരിക്കണമെന്നും സമരക്കാർക്ക് അതാത് ജില്ലകളിൽ ഭൂമി നൽകണമെന്നും ആവശ്യപ്പെട്ട് സമര സമിതി ഏപ്രിൽ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട, കൊല്ലം കളക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും നടത്തും.
ചെങ്ങറ സമരത്തിൽ പങ്കെടുത്ത് പട്ടയം കൈപ്പറ്റിയ കുടുംബങ്ങൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതി നൽകിയ കേസിൽ സർക്കാർ തെറ്റായ വിവരങ്ങൾ നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
36 ഹെക്ടർ ഭൂമി കണ്ടെത്തിയതായി കോടതിയെ അറിയിച്ചെങ്കിലും ഇതിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് അഞ്ചു സെന്റ് മാത്രമാണുള്ളത്. ചെങ്ങറയിൽ സമരം നടത്തിയ 1400 കുടുംബങ്ങളിലെ 180 പേർക്ക് മാത്രമാണ് വാസയോഗ്യമായ ഭൂമി ലഭിച്ചത്. മറ്റുള്ളവർക്ക് നൽകിയതായി പറയുന്ന പട്ടയഭൂമി ഉപയോഗിക്കാനാകുന്നതല്ലെന്ന് സർക്കാരിനു തന്നെ ബോദ്ധ്യപ്പെട്ടതാണ്. ഹാരിസൺ കമ്പനിക്ക് ഉടമസ്ഥത ഉറപ്പുവരുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
പത്തനംതിട്ടയിൽ നടക്കുന്ന കളക്ടറേറ്റ് മാർച്ച് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിക്കും. കെ.അംബുജാക്ഷൻ, ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, പി.എം. വിനോദ്, സി.എസ്.മുരളി, ഐ.ആർ.സദാനന്ദൻ, അജി ചാലാക്കേരി, ശശി പന്തളം, സതീഷ് മല്ലശേരി എന്നിവർ പങ്കെടുക്കും. സമരസമിതി കൺവീനർ സതീഷ് മല്ലശേരി, രാമചന്ദ്രൻ വടശേരിക്കര, രാജേന്ദ്രൻ ചെങ്ങറ, സരോജിനി വാലുങ്കൽ, എം.ബി.അശോകൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement