പദ്ധതിവിഹിത വിനിയോഗത്തിൽ തിളങ്ങി ജില്ല

Monday 28 March 2022 1:42 AM IST

 വിഹിതത്തിൽ 83.02 ശതമാനവും ചെലവഴിച്ചു

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതിവിഹിത വിനിയോഗം പൂർത്തിയാകാൻ 4 ദിവസം മാത്രം ശേഷിക്കെ കൊല്ലം ജില്ല 83.02 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു. സംസ്ഥാനതലത്തിൽത്തന്നെ മികച്ച പ്രകടനമാണ് ജില്ലയുടേത്.

2020 മുതൽ കൊവിഡ് വ്യാപനം പദ്ധതി നിർവഹണത്തെ ബാധിച്ചെങ്കിലും ഇക്കൊല്ലം 95 ശതമാനത്തിനടുത്ത് തുക ചെലവഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കഴിഞ്ഞ വർഷം മാർച്ച് 31ന് 90 ശതമാനം പദ്ധതി തുക വിനിയോഗിക്കാൻ ജില്ലയ്ക്ക് കഴിഞ്ഞിരുന്നു. ആകെയുള്ള 68ൽ 4 പഞ്ചായത്തുകൾ നൂറു ശതമാനത്തിന് മുകളിൽ പദ്ധതി വിഹിതം ചെലവഴിച്ച് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. കുലശേഖരപുരം, വെട്ടിക്കവല,​ കരീപ്ര,​ അലയമൺ പഞ്ചായത്തുകളാണ് ഈ നേട്ടത്തിന് അവകാശികളായത്.

തഴവ, നീണ്ടകര, തെക്കുംഭാഗം, കുണ്ടറ, ശൂരനാട് സൗത്ത്, ശാസ്താംകോട്ട, ചിതറ, പോരുവഴി, കുളക്കട, നെടുമ്പന, ചിറക്കര, ക്ളാപ്പന, വെളിയം, ഇളമ്പള്ളൂർ, ഇടമുളയ്ക്കൽ, പെരിനാട്, കുമ്മിൾ, കരവാളൂർ പഞ്ചായത്തുകൾ 90നും 100നും ഇടയിൽ പദ്ധതി തുക ചെലവഴിച്ചു. ഇറ്റിവയാണ് ഏറ്റവും പിന്നിൽ, 70.39 ശതമാനം. പേരയം, തലവൂർ, തെൻമല, മയ്യനാട്, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളും പദ്ധതി വിനിയോഗത്തിൽ 75 ശതമാനത്തിനു പിന്നിലാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 92.55 ശതമാനം തുക ചെലവഴിച്ച് ചവറയാണ് മുന്നിൽ . 61.42 ശതമാനം ചെലവഴിച്ച ശാസ്താംകോട്ട പിന്നിലും. നഗരസഭകളിൽ മുന്നിൽ പുനലൂരാണ്, 75.87 ശതമാനം. ഏറ്റവും പിന്നിൽ കൊട്ടാരക്കര, 57.83 ശതമാനം. പദ്ധതി വിനിയോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് 64.64 ശതമാനം തുക ചെലവഴിച്ചപ്പോൾ കൊല്ലം കോർപ്പറേഷൻ 64.31 ശതമാനം തുകയാണ് ചെലവഴിച്ചത്.

# തദ്ദേശസ്ഥാപങ്ങൾ, പദ്ധതി തുക, വിനിയോഗം

 ഗ്രാമപഞ്ചായത്തുകൾ: 274.68 കോടി, 239.36 കോടി

 ബ്ളോക്ക് പഞ്ചായത്തുകൾ: 66.10 കോടി, 44.43 കോടി

 നഗരസഭകൾ: 36.75 കോടി, 21.77 കോടി

 കോർപ്പറേഷൻ: 93.49 കോടി, 60.12 കോടി

 ജില്ലാ പഞ്ചായത്ത്: 66.06 കോടി, 42.69 കോടി.

..................................

₹ 514.1 കോടി: ജില്ലയ്ക്ക് ആകെ അനുവദിച്ച തുക

₹ 426.81 കോടി: ചെലവഴിച്ച തുക

(83.02 ശതമാനം)

.......................................

പദ്ധതി വിനിയോഗത്തിൽ ജില്ല മികച്ച നേട്ടം ഉണ്ടാക്കും. നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഉയർന്ന നിലയിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി

സാം കെ.ഡാനിയേൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement