മിനിമം ബസ് ചാർജ് കേരളത്തിൽ അയൽ സംസ്ഥാനങ്ങളുടെ ഇരട്ടി

Monday 28 March 2022 10:57 PM IST

തമിഴ്നാട്, കർണാടക, ആന്ധ്ര - 5 രൂപ

കേരളത്തിൽ വർദ്ധന സാദ്ധ്യത-10 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായി ഉടൻ ഉയർത്താനുള്ള

സാദ്ധ്യത തെളിഞ്ഞിരിക്കെ, അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്,​ കർണാടക,​ ആന്ധ്രപ്രദേശ് എന്നിവിടങ്ങിൽ ഇപ്പോഴും ഇത് 5 രൂപയാണ്.

കർണാടകത്തിൽ 2020 ഫെബ്രുവരി 26ന് ബസ് ചാർജ് പുനർനിർണയിച്ചപ്പോൾ ,മിനിമം നിരക്ക് 7 രൂപയിൽ നിന്ന് 5 രൂപയായി കുറച്ചു. 15 കിലോമീറ്റർ ദൂരം വരെ ബസ് ചാർജിൽ വർദ്ധന വരുത്തിയതുമില്ല. തമിഴ്നാട്ടിലാകട്ടെ, വനിതകൾക്ക് യാത്രാ സൗജന്യമെന്ന ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതിനൊപ്പമാണ് കഴിഞ്ഞ വർഷം മിനിമം നിരക്ക് 4 രൂപയിൽ നിന്ന് 5 രൂപയായി ഉയർത്തിയത്. ആന്ധ്രാ പ്രദേശിലും മിനിമം നിരക്ക് 5 രൂപയാണ്.

ചാർജ് വർദ്ധന നാളെ

പരിഗണിക്കും

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഗതാഗതവകുപ്പിന്റെ റിപ്പോർട്ട് നാളത്തെ എൽ.ഡി.എഫ് യോഗം പരിഗണിക്കും. അന്തിമ തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടാൽ ചാർജ് വർദ്ധന വീണ്ടും നീളും. നാളെ രാവിലെ 9നാണ് മന്ത്രിസഭാ യോഗം. അല്ലെങ്കിൽ, തീരുമാനം പ്രഖ്യാപിക്കാനുള്ള അനുവാദം എൽ.ഡി.എഫ് യോഗം ഗതാഗതമന്ത്രിക്ക് നൽകണം. വിദ്യാർത്ഥികളുടെ നിരക്ക് രണ്ടിൽ നിന്ന് മൂന്നോ നാലോ രൂപയാക്കിയേക്കും

സംസ്ഥാനം - മിനിമം നിരക്ക് -- കി.മീ നിരക്ക്

തമിഴ്നാട് - 5 രൂപ -58 പൈസ

ആന്ധ്രാപ്രദേശ് -5 രൂപ -73 പൈസ

കർണാടകം -5 രൂപ- 75 പൈസ

കേരളം ( ശുപാർശ) -10 രൂപ-1.10 രൂപ

Advertisement
Advertisement