വസ്തു തരംമാറ്റ സൗജന്യം 25 സെന്റിനു മാത്രം

Monday 28 March 2022 11:01 PM IST

തിരുവനന്തപുരം: വസ്തു തരംമാറ്രത്തിന് ഒരു അപേക്ഷകൻ വ്യത്യസ്ഥ ഭൂമികൾക്കായി പല അപേക്ഷകൾ സമർപ്പിച്ചാലും ആകെ 25 സെന്റ് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്കു മാത്രമെ സൗജന്യ തരംമാറ്റം അനുവദിക്കൂ. റവന്യു ഡിവിഷണൽ ഓഫീസർമാർക്ക് ലാൻഡ് റവന്യു കമ്മിഷണർ അയച്ചിട്ടുള്ള സംശയനിവാരണ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അപേക്ഷകന്റെയും കുടുംബത്തിന്റെയും (ഭാര്യ, ഭർത്താവ്, മക്കൾ) പേരിലുള്ളതുൾപ്പെടെ 25 സെന്റിൽ അധികം ഭൂമിയുണ്ടെങ്കിലും അപേക്ഷകന്റെ ഭൂമി മാത്രം പരിഗണിച്ചാവും തീരുമാനമെടുക്കുക.

കെട്ടിക്കിടക്കുന്ന തരംമാറ്റ അപേക്ഷകൾ ആറു മാസത്തിനകം തീർപ്പാക്കണമെന്ന സർക്കാർ നിർദ്ദേശമുള്ളതിനാൽ, അപേക്ഷകളിൽ 2008-ലെ ഭൂസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് നേരിൽ സ്ഥല പരിശോധന നടത്തിയും ഗൂഗിൾ കോർഡിനേറ്ര് പരിശോധിച്ചും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാം.വസ്തു തരംമാറ്റത്തിന് അനുമതി ലഭിച്ചശേഷം ഭൂമിയുടെ വിസ്തൃതിക്ക് അനുസൃതമായി ഭൂനികുതി നിശ്ചിയക്കാൻ സബ് ഡിവിഷൻ ആവശ്യമില്ലാത്ത ഫോം -6 അപേക്ഷകളിൽ ഭൂരേഖ തഹസീൽദാർക്ക് സർവെ നടപടികൾ ഒഴിവാക്കി ഭൂനികുതി ഉത്തരവ് പുറപ്പെടുവിക്കാം. എന്നാൽ സബ്ഡിവിഷൻ ആവശ്യമുള്ള അപേക്ഷകളിലും ഫോം-7 അപേക്ഷകളിലും സർവെ നടപടികൾ ഒഴിവാക്കാനാവില്ല.

തരംമാറ്റം അനുവദിച്ച വസ്തുവിലുള്ള 3000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണം വരുന്ന പഴയ കെട്ടിടത്തിന് ഫീസ് ഈടാക്കും. പഴയ കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന അഫിഡവിറ്റ് അപേക്ഷനിൽ നിന്ന് വാങ്ങി കെട്ടിടത്തിന് ഫീസ് വാങ്ങാതെയും തരംമാറ്റം അനുവദിക്കാം. നെൽവയൽ നികത്തി വീട് വയ്ക്കാൻ വസ്തു ഉടമയ്ക്ക് ജില്ലാതല സമിതി അനുമതി നൽകിയാലും ഭൂമിരേഖകളിൽ പറമ്പോ, പുരയിടമോ ആക്കി മാറ്റാൻ പാടില്ല.ഈ ആവശ്യത്തിന് ഫോറം-1 ൽ അപേക്ഷിക്കുമ്പോൾ 2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ വകുപ്പ് 9(8)-ൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായാണ് നെൽവയൽ നികത്തി വീട് വയ്ക്കുന്നതിന് അനുവദിക്കുന്നത്. ഇത്തരത്തിൽ അനുമതി നൽകിയ കേസുകളിൽ ഫോറം -6 അപേക്ഷ സ്വീകരിച്ച് റവന്യുരേഖകളിൽ മാറ്റം വരുത്താൻ പാടില്ലെന്നും കത്തിൽ വിശദമാക്കുന്നു.

Advertisement
Advertisement