നഗര ദാരിദ്ര്യ നിർമ്മാർജനം: കേരളം നമ്പർ -1 , സമ്മാനം -20 കോടി

Tuesday 29 March 2022 12:12 AM IST

തിരുവനന്തപുരം : നഗരങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള കേന്ദ്രത്തിന്റെ ദേശീയ നഗര ഉപജീവന പദ്ധതി (എൻ.യു.എൽ.എം) നടത്തിപ്പിൽ ഒന്നാമതെത്തിയ കേരളത്തിന് 20 കോടിയുടെ സമ്മാനം.

ഈടില്ലാത്ത വായ്പകൾ, തൊഴിൽ പരിശീലനം, തൊഴിൽ, വനിതാശാക്തീകരണം എന്നിങ്ങനെ പദ്ധതിയുടെ വിവിധ തലങ്ങൾ പൂർത്തിയാക്കിയാണ് സ്‌പാർക്ക് റാങ്കിംഗിൽ കേരളം മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കിയത്. കുടുംബശ്രീയാണ് പദ്ധതി നടപ്പാക്കുന്നത്. 2020-21ൽ 38 കോടിയുടെ പ്രവർത്തനങ്ങൾ നടപ്പാക്കിയാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയിരുന്നു.

സംസ്ഥാനത്തെ 93നഗരസഭകളിലും പദ്ധതിയിലൂടെ സഹായം ലഭ്യമാകും. കുടംബശ്രീ ആസ്ഥാനത്തെ എൻ.യു.എൽ.എം പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനവും നഗരസഭകളിൽ എം.ബി.എ ബിരുദധാരികളായ സിറ്റി മിഷൻ മാനേജർമാരുമുണ്ടാകും. താഴെതട്ടിൽ കുടുംബശ്രീകളിലെ കമ്മ്യൂണിറ്റി മാനേജർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പണി തുടങ്ങൂ : പണം തരാം

പുതിയൊരു സംരംഭം തുടങ്ങാനുള്ള ആശയമുണ്ടെങ്കിൽ നഗരസഭകളിലെ എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർമാരെ കാണാം. പദ്ധതിയുടെ വിജയസാദ്ധ്യതയെ കുറിച്ച് മാർഗനിർദ്ദേശങ്ങൾ നൽകും. അനുമതി ലഭിച്ചാൽ ബാങ്ക് വായ്‌പയ്‌ക്ക് അപേക്ഷിക്കാം. ഇതിന് പ്രത്യേക ഈടില്ല. വാർഷിക വരുമാനം ഒരുലക്ഷത്തിൽ താഴെയായിരിക്കണം.

തൊഴിലിന് പല വഴികൾ

 തൊഴിൽ പരിശീലനത്തിന് വിവിധ ഏജൻസികളുമായി കരാർ

പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ കണ്ടെത്തി നൽകും

തെരുവു കച്ചവടക്കാർക്ക് 10,000 രൂപ വായ്‌പ.

നഗരങ്ങളിൽ അന്തിയുറങ്ങാൻ ഷെൽട്ടർ ഹോം.

പുതിയ അയൽക്കൂട്ടത്തിന് 10,000രൂപ. എ.ഡി.എസിന് 50,000രൂപ

Advertisement
Advertisement