കിഴക്കുപുറത്തെ റേഡിയോ കിയോസ്ക് നിശബ്ദം, സ്ഥലം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം ശക്തം

Tuesday 29 March 2022 12:23 AM IST
കിഴക്കുപുറത്തെ റേഡിയോ കിയോസ്‌ക്കിന്റെ സ്ഥലവും കെട്ടിടവും

കോന്നി : കിഴക്കുപുറത്തെ റേഡിയോ കിയോസ്കിന്റെ സ്ഥലം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. മലയാലപ്പുഴ പഞ്ചായത്ത് അറുപത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച റേഡിയോ കിയോസ്‌ക്ക് നിലനിൽക്കുന്ന മൂന്നുസെന്റ് സ്ഥലം നാൽപ്പത് വർഷങ്ങളായി ഉപയോഗശൂന്യമാണ്.

1957 ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് ആദ്യമായി മലയാളം വാർത്തകൾ പ്രക്ഷേപണം ചെയ്തതിനു ശേഷമാണ് കിയോസ്കിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് റേഡിയോ ഓപ്പറേറ്റ് ചെയ്യനായി പഞ്ചായത്ത് ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിഴക്കുപുറത്തെ അങ്കണവാടിക്കും പോസ്റ്റ് ഓഫീസിനും ഇൗ സ്ഥലം ഉപയോഗപ്പെടുത്താനാകും. റേഡിയോ കിയോസ്‌ക്കിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. കെട്ടിടം അടുത്തിടെ പെയിന്റ് ചെയ്തിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് വെട്ടൂർ, പൊതിപാട്, പുതുക്കുളം, വടക്കുപുറം, കിഴക്കുപുറം എന്നിവിടങ്ങളിൽ റേഡിയോ കിയോസ്‌ക്കുകൾ സ്ഥാപിച്ചിരുന്നു. ടെലിവിഷന്റെ വരവോടുകൂടി ഇതിന്റെ പ്രവർത്തനവും നിലച്ചു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം നാടിന് പ്രയോജനകരമാക്കണം. അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണം.

പ്രകാശ് കിഴക്കുപുറം,

ബി.ഡി.വൈ.എസ് ജില്ലാസെക്രട്ടറി

Advertisement
Advertisement