പണിമുടക്ക് പൂർണ്ണം, ജനം ദുരിതത്തിൽ, സമരം ഇന്നും

Tuesday 29 March 2022 1:00 AM IST

തിരുവനന്തപുരം: പൊതുപണിമുടക്ക് സംസ്ഥാനത്ത് ഹർത്താലായി മാറി. പൊതുഗതാഗതം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പലയിടത്തും സംഘർഷത്തിനിടയാക്കി. ട്രെയിൻ ഗതാഗതം മുടങ്ങിയില്ല. നാമമാത്രമായി ഐ.ടി സ്ഥാപനങ്ങളും പ്രവർത്തിച്ചു. മറ്റെല്ലാ സംവിധാനങ്ങളും പൂർണ്ണമായി സ്തംഭിപ്പിച്ചു. പൊതുപണിമുടക്ക് ഇന്നും തുടരും. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.

കടകൾ തുറന്നില്ല, ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ 32 ജീവനക്കാരാണ് ഹാജരായത്. കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്ത് ആർ.സി.സി പോലുള്ള സ്ഥലങ്ങളിലേക്കായി 52ഒാളം അവശ്യസർവീസുകൾ മാത്രം നടത്തി. സമരം അവസാനിപ്പിച്ചെങ്കിലും സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചു.

സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. തട്ടുകടപോലും പ്രവർത്തിക്കാൻ അനുവദിച്ചില്ല. വ്യവസായമേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചു.

തിരുവനന്തപുരം പ്രാവച്ചമ്പലത്തും പാപ്പനംകോട്ടും പാലക്കാട്ട് ദേശീയപാതയിലും കാസർകോട്ടും മഞ്ചേരിയിലും തൃശ്ശൂരിൽ സ്വരാജ് റൗണ്ടിലും പൊലീസ്‌നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു. കാട്ടാക്കടയിൽ സമരക്കാർറോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞത് സംഘർഷത്തിലേക്കെത്തി. ബി.ജെ.പി പ്രവർത്തകരും സമരക്കാരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. ചാക്കയിൽ വഞ്ചിയൂർ കോടതിയിലേക്ക് വന്ന ജ്യുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) അനീസയെ സമരക്കാർ തടഞ്ഞു. പേട്ട സി.ഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്‌ട്രേറ്റ് വിശദീകരണംതേടി.

വെഞ്ഞാറമൂട്ടിൽ സി.പി.ഐ, സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. കാട്ടാക്കടയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. മംഗലപുരത്ത് സമരസംഘം പെട്രോൾ പമ്പ് എറിഞ്ഞ് തകർത്തു.

കൊല്ലത്ത് വ്യാപകമായി വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പത്തനംതിട്ട ജില്ലയിൽ പൂങ്കാവ് എസ്.ബി.എെ ശാഖയിലെത്തിയ ജീവനക്കാരെ പണിമുടക്ക് അനുകൂലികൾ ഷട്ടർ താഴ്ത്തി ബന്ദികളാക്കി. പിന്നീട് ഇറക്കി വിട്ടു. ആലപ്പുഴയിൽ ജലഗതാഗതം പൂർണ്ണമായി നിലച്ചു. വിനോദ സഞ്ചാരികൾക്കായി ഉച്ചയോടെ ഹൗസ് ബോട്ടുകൾ ഇറക്കി. കോട്ടയത്ത് കുമരകം മേഖലയിൽ റിസോർട്ടുകളിലുള്ളവർക്ക് ബോട്ടുകൾ സവാരി നടത്തി.

ഇടുക്കി ജില്ലയിൽ ജനജീവിതം ലോക്ക്ഡൗണിന് സമാനമായി. എറണാകുളത്ത് കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ. മനോജിനെ ഓഫീസിൽ കയറി സമരാനുകൂലികൾ മർദ്ദിച്ച് അവശനാക്കി. പള്ളിക്കര, പെരിങ്ങാല ഭാഗങ്ങളിൽ ഒഴികെ കടകമ്പോളങ്ങൾ തുറന്നില്ല. മെട്രോ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഹൈക്കോടതി പൂർണ്ണതോതിൽ പ്രവർത്തിച്ചു. ഹൈക്കോടതി നിരോധിച്ചിട്ടും കൊച്ചി റിഫൈനറിയുടെ മുന്നിൽ ജീവനക്കാരെ തടയാൻ ശ്രമിച്ചു. തൃശൂരിൽ റെസ്റ്റോറന്റുകളുൾപ്പെടെ ചുരുക്കം കടകൾ പ്രവർത്തിച്ചു. വടക്കാഞ്ചേരി കരുമത്രയിൽ പമ്പിനു നേരെ ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞു. കോഴിക്കോട്ട് നഗരത്തിൽ പലയിടങ്ങളിലായി മൂന്ന് ഓട്ടോകളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ടു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോയുടെ ചില്ല് തകർത്തു. കൊയിലാണ്ടിയിൽ വ്യാപാരിക്ക് നേരെ നായ്‌ക്കുരണ പൊടി വിതറി. മലപ്പുറത്ത് രോഗിയുമായി എത്തിയ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു. പാലക്കാട്ട് കഞ്ചിക്കോട് വ്യവസായമേഖലയെ പണിമുടക്ക് നിശ്ചലമാക്കി. കണ്ണൂർ പഴയങ്ങാടിയിൽ ചരക്ക് ലോറികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കാസർകോട്ട് ബൈക്ക് യാത്രികരെ തടഞ്ഞു.

Advertisement
Advertisement