വീണുപോയ മണ്ണിൽ ഗോളുമായി ക്രിസ്റ്റ്യൻ എറിക്സന്റെ ഉയിർപ്പ്

Wednesday 30 March 2022 10:24 PM IST

കോപ്പൻഹേഗൻ : കഴിഞ്ഞ വർഷം ജൂണിൽ യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ അതേവേദിയിൽ ഗോളടിച്ച് ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ. സെർബിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് ക്യാപ്ടന്റെ ആംബാൻഡും ധരിച്ചിറങ്ങി എറിക്സൺ ഗോൾ നേടിയത്. മത്സരത്തിൽ 3-0ത്തിന് ഡെന്മാർക്ക് ജയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പകരക്കാരനായിറങ്ങിയും എറിക്സൻ ഗോളടിച്ചിരുന്നു.എന്നാൽ നെതർലാൻഡ്സിന്റെ തട്ടകത്തിൽ നടന്ന ഈ മത്സരത്തിൽ ഡെൻമാർക്ക് 2–4നു തോറ്റിരുന്നു.

കഴി‍ഞ്ഞ വർഷം ജൂണിൽ ഫിൻലൻഡിനെതിരെ യൂറോകപ്പ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കുഴഞ്ഞുവീണ പാർക്കൻ സ്റ്റേഡിയത്തിലാണ് ഇക്കുറി ക്യാപ്ടനായും ഗോളടിച്ചും തിരിച്ചുവരവ് നടത്തിയത്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്ന കാർഡിയോവെർട്ടർ ഡിഫ്രിബിലേറ്റർ ശരീരത്തിൽ ഘടിപ്പിച്ചാണ് എറിക്സൻ കളിക്കളത്തിലേക്കു തിരിച്ചെത്തിയത്. കഴിഞ്ഞ മാസം ഇംഗ്ലീഷ് ക്ലബ് ബ്രെന്റ്ഫോഡിലൂടെയ‌ായിരുന്നു ക്ലബ് ഫുട്ബാളിലേക്കുള്ള തിരിച്ചു വരവ്.

സൗഹൃദത്തിൽ ഇറ്റലിക്ക് ജയം

കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായ ഇറ്റലി, അതിനുശേഷം കളത്തിലിറങ്ങിയ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തുർക്കിയെ 3-2ന് തോൽപ്പിച്ചു. മറ്റു മത്സരങ്ങളിൽ ഫ്രാൻസ് ദക്ഷിണാഫ്രിക്കയേയും (5–0), സ്പെയിൻ ഐസ്‍ലൻഡിനെയും (5–0), ബെൽജിയം ബുർകിനോ ഫാസോയേയും (3–0), നോർവേ അർമേനിയയേയും (9–0), ഇംഗ്ലണ്ട് ഐവറി കോസ്റ്റിനെയും (3–0), ഹംഗറി വടക്കൻ അയർലൻഡിനെയും തോൽപ്പിച്ചു. ആസ്ട്രേലിയ – സ്കോട്‌ലൻഡ് (2–2) മത്സരവും ജർമനി – ഹോളണ്ട് (1–1) മത്സരവും വെയ്ൽസ് – ചെക് റിപ്പബ്ലിക് മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.

Advertisement
Advertisement