കിട്ടും കുടിവെള്ളം

Wednesday 30 March 2022 11:07 PM IST


വൻകിട ശുദ്ധജല പദ്ധതി നിർമ്മാണം തുടങ്ങി

മല്ലപ്പള്ളി : മല്ലപ്പള്ളി- ആനിക്കാട് പഞ്ചായത്തുകൾ പൂർണമായും കോട്ടാങ്ങൽ പഞ്ചായത്തിലെ ആറ് വാർഡുകളും ഉൾപ്പെടുന്ന വൻകിട ശുദ്ധജല പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി. വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതിക്കാണ് പച്ചക്കൊടി കിട്ടിയത്. 30 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇതിൽ പകുതി തുക നേരത്തെ ചെലവഴിച്ചെങ്കിലും ശേഖരണ കേന്ദ്രം മുതൽ ട്രീറ്റ്മെന്റ് പ്ലാന്റുവരെ പൈപ്പുകുഴിച്ചിട്ട ശേഷം പൂർവസ്ഥിതിയിലാക്കാനുള്ള ജോലികൾ പൊതുമരാമത്ത് വകുപ്പ് പണമടച്ചതിന് ശേഷം രേഖാമൂലം അനുമതി നൽകാമെന്ന് അറിയിച്ച എക്സിക്യൂട്ടിവ് എൻജിനീയർ ഇതിൽനിന്ന് പിൻമാറി പദ്ധതി തടസപ്പെടുത്തിയതായി പരാതി നിലനിന്നിരുന്നു. 2017 ഡിസംബർ 27ന് നൽകിയ രണ്ട് കത്തുകളിൽ 9,69,249 ലക്ഷം രൂപ അടയ്ക്കാനാണ് പത്തനംതിട്ടയിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നത്. തേലമണ്ണിൽ കോഴിമണ്ണിൽ കടവ് പമ്പു ഹൗസിൽ നിന്ന് പുല്ലുകുത്തിവരെ റോഡിൽ പൈപ്പ് കുഴിച്ചുമൂടുന്നതിന് 5, 11,613 ലക്ഷം രൂപയും, അവിടെനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണശാലയിലേക്ക് 4, 57,636 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടിരുന്നത്.. ഈ തുക മാർച്ചിൽ അടച്ചു. പദ്ധതി തുടങ്ങാനായി വാഹന ഗതാഗതം ദിശമാറ്റിവിട്ട് പൈപ്പ് ലൈനിന്റെ പണികൾക്ക് തുടക്കവുമായി.

വിതരണ പൈപ്പ് സ്ഥാപിക്കൽ തുടങ്ങിയില്ല

ശുദ്ധജല പദ്ധതിയുടെ പൂർത്തീകരണത്തോടെ മൂന്ന് പഞ്ചായത്തുകളുടെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് പറയുമ്പോഴും ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള പൈപ്പുകളുടെനിർമ്മാണം മാത്രമാണ് നടക്കുന്നത്. വിതരണ പൈപ്പുകളുടെ സ്ഥാപിക്കൽ ജോലികൾ കൂടിപൂർത്തീകരിച്ചാലെ മൂന്ന് പഞ്ചായത്തുകൾക്കുള്ള കുടിവെള്ളപദ്ധതി പൂർണമാകു.

- വകുപ്പുകൾ തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി

- പദ്ധതിക്ക് ചെലവ് 30 കോടി

...............................

കുടിവെള്ള വിതരണപൈപ്പുകളുടെ പണികൾ ആരംഭിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. പണംമുടക്കിയാണ് നാട്ടുകാർ ഇപ്പോൾ കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്. പരിഹാരം കാണണം.

ഗിരീഷ് കുമാർ

(പ്രദേശവാസി)

Advertisement
Advertisement