ചേനോത്ത് എൽ.പി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് എൻ.ഐ.ടി പദ്ധതി

Thursday 31 March 2022 12:02 AM IST
ചാത്തമംഗലം ചേനോത്ത് സ്‌കൂളിൽ 'ഉന്നത് ഭാരത് അഭിയാൻ' പദ്ധതിയുടെ പ്രഖ്യാപനം കാലിക്കറ്റ് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കലിന് ബ്രോഷർ കൈമാറി നിർവഹിക്കുന്നു

കുന്ദമംഗലം: കേന്ദ്ര സർക്കാരിന്റെ 'ഉന്നത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായി എൻ.ഐ.ടി കാലിക്കറ്റിന്റെ നേതൃത്വത്തിൽ ചാത്തമംഗലം ചേനോത്ത് ഗവ.എൽ.പി സ്‌കൂളിന്റെ സമഗ്രവികസനത്തിന് പദ്ധതിയായി. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുൾപ്പെടെ ഏറെ പരിമിതികൾ നേരിടുന്ന ഈ വിദ്യാലയത്തിന്റെ സർവതോന്മുഖമായ ഉന്നമനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളുടെ അക്കാദമിക് പരിപോഷണത്തോടൊപ്പം രക്ഷിതാക്കളുടെ ശാക്തീകരണവും പദ്ധതി വിഭാവനം ചെയ്യുന്നു. ശിശുസൗഹൃദ പഠനാന്തരീക്ഷം ഒരുക്കൽ, സയൻസ് ക്ലിനിക്ക്, ഒബ്സർവേറ്ററി, ചിൽഡ്രൻസ് പാർക്ക്, ഐ.ടി പരിശീലനം, നൈപുണി പരിശീലനം, സാമൂഹികസേവന പ്രോജക്ട് തുടങ്ങിയവ നടപ്പാക്കും.

നവീകരണ പദ്ധതിയുടെ പ്രഖ്യാപനം എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ സ്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കലിന് ബ്രോഷർ കൈമാറി നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓളിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.പി.എ.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ പ്രതിഭാ അവാർഡ് സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, അംഗങ്ങളായ പി.ടി.അബ്ദുറഹ്‌മാൻ, സബിത സുരേഷ്, ജോസഫ് തോമസ്, ഭാരത് ഉന്നത് അഭിയാൻ എൻ.ഐ.ടി സെൽ കൺവീനർ ഡോ.രവീന്ദ്രകുമാർ, യു.ബി.എ സെൽ ഫാക്കൽറ്റി ഇൻ ചാർജ് ഡോ.ഷൈനി അനിൽകുമാർ, ഡോ.ജി.കെ.രജനീകാന്ത്, പി.ടി.എ പ്രസിഡന്റ് പി.അജേഷ്, ഗംഗാധരൻ നായർ, എച്ച്.എം ഫോറം കൺവീനർ രാജേന്ദ്രകുമാർ, രാജൻ പാക്കോത്ത്, പി.പ്രേമ, കെ.കെ.അബ്ദുൽ ഗഫൂർ, പ്രീത പി. പീറ്റർ, അശ്വതി എൻ. നായർ, സ്കൂൾ ലീഡർ പി.അഞ്ജിത എന്നിവർ സംസാരിച്ചു.

Advertisement
Advertisement