ഇ.പി.എഫ്. പെൻഷൻകാരെ കൊതിപ്പിച്ച് കൊല്ലരുത്

Thursday 31 March 2022 12:00 AM IST

ഇ.പി.എഫ്. മിനിമം പെൻഷൻ വർദ്ധനവിന്റെ പേരിൽ 1995 മുതൽ 2022 വരെയുള്ള കാലയളവിൽ കേന്ദ്രസർക്കാരും തൊഴിൽവകുപ്പ് ഇ.പി.എഫ് ഓർനൈസേഷനിലെ കുറെ വെള്ളാനകളും ഒത്തുകളിച്ച് 70 നും 80 നും അപ്പുറം പ്രായമുള്ള പാവപ്പെട്ട പെൻഷൻകാരെ കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വയോജനങ്ങളായ ലക്ഷക്കണക്കിന് പെൻഷൻകാർ ഈ ഭൂമിയിൽ നിന്ന് യാത്രയായി ചുടലത്തെങ്ങ് വളർന്ന് കായ്‌ഫലം ഉണ്ടായാലും നടക്കാത്ത സ്വപ്‌നമാണിതെന്ന് സ്വബോധമുള്ള ആർക്കും തിരിച്ചറിയാം.

നിലവിലുള്ള തുച്ഛമായ 1000 രൂപ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് തൊഴിൽകാര്യ പാർലമെന്ററി സമിതിയുടെ ശുപാർശ. എന്നാൽ മിനിമം പെൻഷൻ 6000 രൂപവരെയാക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും തുടരുകയും ചെയ്യുന്നു! ചുരുക്കി പറഞ്ഞാൽ ഇ.പി.എഫ് ഓർഗനൈസേഷനിലെ ദുഷ്‌ടലാക്കുള്ള താപ്പാനകളാണ് പാവപ്പെട്ട പെൻഷൻകാരുടെ ജീവിതം ഇരുട്ടിലാക്കുന്നത്. പാവപ്പെട്ട വൃദ്ധജനങ്ങളുടെ ആഹാരത്തിനും മരുന്നിനുമുള്ള വഴിയാണ് കൊട്ടിയടയ്‌ക്കുന്നതെന്ന് ഇവർ ഓർക്കണം. 1995 മുതൽ 2022 വരെ സംസ്ഥാന സർക്കാരുകൾ നല്‌കുന്ന വാർദ്ധക്യകാല പെൻഷനുകൾക്ക് എത്രയോ താഴെയാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഇ.പി.എഫ്. പെൻഷൻകാർക്ക് നല്‌കിക്കൊണ്ടിരിക്കുന്നത്.

ഇ.പി.എഫ് പെൻഷൻ 6000 രൂപയായി ഉയർത്തണമെന്നാണ് നിസഹായരായ ഈ വൃദ്ധജനങ്ങളുടെ ആവശ്യം. കേന്ദ്രസർക്കാർ ഇനിയെങ്കിലും ഞങ്ങളോട് നീതികാട്ടണം

പട്ടം എൻ. ശശിധരൻ

നെട്ടയം , തിരുവനന്തപുരം

Advertisement
Advertisement