നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ആരോഗ്യത്തിളക്കം

Thursday 31 March 2022 12:06 AM IST

നീലേശ്വരം: ആരോഗ്യ മേഖലയിൽ സമഗ്രവും സുതാര്യവുമായ ഒട്ടനവധി സേവനപദ്ധതികൾക്ക് തുടക്കമിട്ട നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും അംഗീകാരത്തിന്റെ തിളക്കം. ആർദ്ര കേരളം സംസ്ഥാന തല പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനമാണ് നീലേശ്വരം ബ്ലോക്കിന് ലഭിച്ചത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക.

തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, പ്രതിരോധ കുത്തിവെപ്പ്, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം തുടങ്ങി പല ഘടകങ്ങൾ വിലയിരുത്തിയാണ് ആർദ്ര കേരളം പുരസ്കാരം നൽകുന്നത്. കഴിഞ്ഞ നാലു വർഷമായി ആരോഗ്യ രംഗത്ത് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. നേരത്തെ രണ്ട് പ്രാവശ്യം ആർദ്രം പുരസ്‌കാരം നേടിയിട്ടുണ്ട്.

കാൻസർ പ്രതിരോധത്തിനുള്ള അതിജീവനം പദ്ധതി, കിടപ്പിലായവർക്കുള്ള പരിചരണത്തിനായി സ്നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വൃക്കരോഗികൾക്ക് അനുഗ്രഹമായി അതിജീവനം കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയിലൂടെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഏഴ് ബെഡ്ഡുകളിലായി ഒരേ സമയം ആറു പേർക്ക് ഡയാലിസിസ് ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് സെന്റർ പ്രവർത്തിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കയ്യൂർ-ചീമേനി, ചെറുവത്തൂർ, പടന്ന, വലിയപറമ്പ , പിലിക്കോട്, തൃക്കരിപ്പൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ പ്രശ്നത്തിന് ഒരളവ് വരെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയ ആർ.ആർ.എഫ് മാലിന്യ സംസ്കരണ കേന്ദ്രം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

Advertisement
Advertisement