കുംഭനിറച്ച് കുടിവെള്ളത്തടാകം

Thursday 31 March 2022 1:16 AM IST

 ശാസ്താംകോട്ടയിൽ ആശ്വാസജലനിരപ്പ്

കൊല്ലം: വേനൽ കടുത്തിട്ടും ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് കാര്യമായി ഇടിയാത്തത് ആശ്വാസമാകുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ ലഭിച്ച തുടർച്ചയായ മഴയാണ് മുൻവർഷങ്ങളേക്കാൾ ഉയർന്ന ജലലഭ്യതയ്ക്ക് കാരണം.

വാട്ടർ അതോറിറ്റിയുടെ കണക്ക് പ്രകാരം ഇന്നലെ സമുദ്രനിരപ്പിൽ നിന്ന് 232 സെന്റി മീറ്റർ ഉയരത്തിലാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഈസമയം 48 സെന്റി മീറ്റർ മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടയിൽ ജലനിരപ്പ് 13 സെന്റി മീറ്റർ താഴ്ന്നിട്ടുണ്ട്. കൊല്ലം നഗരം, ചവറ, പന്മന എന്നിവിടങ്ങളിൽ പ്രധാനമായും കുടിവെള്ളം എത്തുന്നത് ശാസ്താംകോട്ട തടാകത്തിൽ നിന്നാണ്. കഴിഞ്ഞമാസം വരെ 18 എം.എൽ.ഡി ജലമാണ് പമ്പ് ചെയ്തിരുന്നത്. ഇപ്പോൾ പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് 26 എം.എൽ.ഡിയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

20 മണിക്കൂർ ഡബിൾ പമ്പ്

വർഷങ്ങളായി 150 എച്ച്.പി ശേഷിയുള്ള ഒരു പമ്പ് ഉപയോഗിച്ചാണ് തടാകത്തിൽ നിന്ന് ജലം പമ്പ് ചെയ്തിരുന്നത്. ഈമാസം മുതൽ 150 എച്ച്.പി ശേഷിയുള്ള രണ്ടാമതൊരു പമ്പ് കൂടി സ്ഥാപിച്ചതോടെയാണ് ആകെ പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് 26 എം.എൽ.ഡി ആയി ഉയർന്നത്. വൈകിട്ട് 6 മുതൽ 10 വരെ മാത്രം ഒരു പമ്പേ ഉപയോഗിക്കുന്നുള്ളു. ബാക്കി 20 മണിക്കൂറും രണ്ട് പമ്പുകളും ഉപയോഗിക്കുകയാണ്.

തടാകത്തിലെ ജലനിരപ്പ്

ഇന്നലെ: 232 സെന്റി മീറ്റർ

കഴിഞ്ഞമാസം ഈ സമയം: 255 സെന്റി മീറ്റർ

2021 മാർച്ച് 30ന്: 48 സെന്റി മീറ്റർ

2020 മാർച്ച് 30ന്: 45 സെന്റി മീറ്റർ

Advertisement
Advertisement