സിൽവർലൈൻ: 19ന് ഇടതുമുന്നണി ബഹുജനസംഗമം, ജനങ്ങളുടെ ആശങ്കകൾ പങ്കുവച്ച് ഘടകകക്ഷികൾ

Thursday 31 March 2022 2:56 AM IST

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധങ്ങളെ മറികടക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 19ന് തലസ്ഥാനത്ത് ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് ബഹുജനസംഗമം സംഘടിപ്പിക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും പ്രമുഖ ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. ജില്ലാ, പ്രാദേശിക തലങ്ങളിലും തുടർന്ന് സമാന പരിപാടികളൊരുക്കും. ഗൃഹസന്ദർശനം വഴിയും ജനങ്ങളെ ബോധവത്കരിക്കും.

അതേസമയം, കെ-റെയിൽ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളിൽ ഘടകകക്ഷി നേതാക്കൾ മുന്നണി യോഗത്തിൽ ആശങ്കയറിയിച്ചു. ആശങ്കകൾ അകറ്റി വേണം പദ്ധതിയെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്താനെന്ന് അവർ പറഞ്ഞു. എന്നാൽ ആരും പദ്ധതിയെ എതിർത്തില്ല. സർവ്വകക്ഷിയോഗം വിളിക്കണമെന്ന് എൽ.ജെ.ഡി പ്രതിനിധി വറുഗീസ് ജോർജ് നിർദ്ദേശിച്ചെങ്കിലും യോഗം അത് മുഖവിലയ്ക്കെടുത്തില്ല. യു.ഡി.എഫും ബി.ജെ.പിയും ഒരു വിഭാഗം മാദ്ധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയസമരം നടത്തുന്നുവെന്നാണ് യോഗത്തിന്റെ പൊതുവിലയിരുത്തൽ.

വീടുകൾ കയറിയുള്ള വിശദീകരണത്തിൽ, ഒരു ചെറിയ വിഭാഗം ആളുകളാണ് പദ്ധതിയെ ചോദ്യം ചെയ്തതെന്ന് കൺവീനർ എ. വിജയരാഘവൻ യോഗത്തിൽ പറഞ്ഞു. എന്താണ് വസ്തുതയെന്നും പദ്ധതി കൊണ്ട് സർക്കാരെന്താണ് ഉദ്ദേശിക്കുന്നതെന്നും വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിന്റെ എല്ലാ ജില്ലകളിലുമുള്ള വിശദീകരണം സർക്കാർ മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഓരോ ഘട്ടത്തിലും അനുമതി ലഭിച്ചാൽ അതുടൻ നടപ്പാക്കുന്നതിലേക്ക് സർക്കാർ നീങ്ങും. പദ്ധതിക്കായി വിദേശവായ്പ കൃത്യമായി ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങൾക്ക് ആശങ്കയുള്ളതിനാൽ അവരുടെ മുന്നിലേക്ക് പോയി കാര്യങ്ങൾ വിശദീകരിക്കണമെന്ന് സി.പി.ഐ പ്രതിനിധികൾ പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും പറയുന്നതേ ജനമിപ്പോൾ കേൾക്കുന്നുള്ളൂ. എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞതല്ലാതെ കൂടുതലായൊന്നും ജനങ്ങളോട് വിശദീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. രാഷ്ട്രീയപ്രേരിത സമരമാണെന്ന് ബോദ്ധ്യപ്പെടുത്തിയാൽ ജനങ്ങളുടെ തെറ്റിദ്ധാരണ മാറുമെന്നും, നഷ്ടപരിഹാരം നൽകുന്നതടക്കം വിശദീകരിക്കണമെന്നും അഭിപ്രായമുയർന്നു.

Advertisement
Advertisement