ചലച്ചിത്രമേള രണ്ടാംദിനം നിറഞ്ഞ സദസിൽ ആവാസവ്യൂഹം

Sunday 03 April 2022 12:12 AM IST

കൊച്ചി: പ്രാദേശിക ചലച്ചിത്രമേളയുടെ രണ്ടാം ദിനം ആസ്വാദക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏഴ് ഇന്ത്യൻ സിനിമകളും ആറ് ലോകസിനിമകളും ഉൾപ്പെടെ 15 ചിത്രങ്ങളാണ് ഇന്നലെ പ്രദർശിപ്പിച്ചത്. പ്രധാന വേദിയായ സരിത, സവിത തീയേറ്ററുകളിലേക്ക് ജനങ്ങളെത്തി. രാവിലെ പാബ്ലോ ലാറെയ്‌ന്റെ സ്‌പെൻസറിനും പ്രസൂൺ ചാറ്റർജിയുടെ ടു ഫ്രണ്ട്‌സിനും മികച്ച പ്രതികരണമായിരുന്നു. നിറഞ്ഞ സദസിലായിരുന്നു മലയാള ചിത്രം ആവാസവ്യൂഹം പ്രദർശിപ്പിച്ചത്. രണ്ടാംദിനത്തിലെ ഓപ്പൺഫോറവും സജീവമായി.

ആവാസവ്യൂഹം ഏറ്റെടുത്ത് ആസ്വാദകർ

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം, വികസനം വരുമ്പോൾ പ്രകൃതിക്കേൽക്കുന്ന ആഘാതം തുടങ്ങിയ കാലികപ്രസക്തമായ പ്രശ്‌നങ്ങൾ മുൻനിർത്തി കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ച് മത്സ്യങ്ങളെയും ഞണ്ടുകളെയുമൊക്കെ വിളിച്ചു വരുത്താൻ കഴിവുള്ള ജോയ് എന്ന കേന്ദ്രകഥാപാത്രത്തെ അച്ചുതണ്ടാക്കി കൃഷാന്ത് മുന്നോട്ട് വച്ചത് പുതുവൈപ്പ് പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ പരിസ്ഥിതിയും പ്രകൃതിയും നേരിടുന്ന പ്രശ്‌നങ്ങളും. ആവശ്യമുള്ളതെല്ലാം ഭൂമിയിലുള്ളപ്പോഴും മനുഷ്യൻ അതിനെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെയും ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്.

ഒരേസമയം അഭിമുഖത്തിന്റെയും ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയുമെല്ലാം സാദ്ധ്യതകൾ ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രം വൻകരഘോഷത്തോടെയാണ് തീയേറ്റർ സ്വീകരിച്ചത്. സംവിധായകനുമായും അണിയറ പ്രവർത്തകരുമായും നടന്ന സംവാദസമയത്തും തീയേറ്റർ നിറഞ്ഞുതന്നെയായിരുന്നു.

മൂന്നാം ദിനം: 14 ചിത്രങ്ങൾ

ചലച്ചിത്രമേളയുടെ മൂന്നാംദിനമായ ഞായറാഴ്ച്ച തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കോസ്റ്ററിക്കൻ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം നേടിയ കൂഴങ്കൽ, ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡ് നേടിയ നിഷിദ്ധോ ഉൾപ്പെടെ 14 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

പ്രേക്ഷക ശ്രദ്ധനേടിയ ഹംഗേറിയൻ ചിത്രം ദി സ്റ്റോറി ഒഫ് മൈ വൈഫ്, സ്ലോവാക്യൻ ചിത്രം 107 മദേഴ്സ് , ഫ്രാൻസിൽ നിന്നുള്ള ബെർഗ്മാൻ ഐലൻഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയൻ ചിത്രം ബാഡ് ലക്ക് ബാങ്കിംഗ് ഓർ ലൂണി പോൺ, ഇറാനിയൻ ചിത്രം ബെല്ലാർഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ട് ഹോമേജ് വിഭാഗത്തിൽ വിടപറയും മുൻപേ, മധുജ മുഖർജിയുടെ ഡീപ് 6, ബിശ്വജിത് ബോറയുടെ ബൂംബാ റൈഡ്, മലയാള ചിത്രം ചവിട്ട് ഉൾപ്പെടെ ഏഴു ഇന്ത്യൻ ചിത്രങ്ങളും മൂന്നാം ദിനം പ്രദർശിപ്പിക്കും.

Advertisement
Advertisement