തൻവി ചുവടുവച്ചു, ചരിത്രത്തിലേക്ക്

Sunday 03 April 2022 12:58 AM IST
ഭരതനാട്യം ട്രാൻസ്ജൻഡർ വിഭാഗത്തിൽ മത്സരിച്ച തൃപ്പൂണിത്തുറആർ.എൽ.വി കോളേജിലെ തൻവി സുരേഷ്.

എം.ജി കലോത്സവത്തിൽ മത്സരിച്ച് ട്രാൻസ്ജെൻഡർ

പത്തനംതിട്ട : ഹമീർ കല്യാണി രാഗത്തിലുള്ള കീർത്തനത്തിനൊപ്പം ഭരതനാട്യത്തിൽ ചുവടുവയ്ക്കുമ്പോൾ തൻവി സുരേഷ് ചരിത്രത്തിലേക്കു കൂടി നടന്നുകയറുകയായിരുന്നു. എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് ഇരുപത്തിമൂന്നുകാരിയായ തൻവി .ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള മത്സരം നടന്ന ആദ്യകലോത്സവമാണിത്.

അരങ്ങിലല്ല, അരങ്ങിലേക്കെത്താനുള്ള വഴികളിലായിരുന്നു തനിക്ക് മത്സരം നേരിടേണ്ടിവന്നതെന്ന് തൻവി പറയുന്നു. തന്റെ സ്വത്വത്തിൽ മത്സരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

തൃപ്പൂണിത്തുറ ആ‌ർ.എൽ.വി കോളേജിലെ ബി.എ ഭരതനാട്യം ആദ്യവർഷ വിദ്യാർത്ഥിനിയായ തൻവിക്ക് എം.എയും പി.എച്ച്.ഡിയും പൂർത്തിയാക്കി നൃത്തത്തിൽ തുടരാനാണ് താൽപര്യം. മൂന്ന് വയസു മുതൽ ഭരതനാട്യം പഠിക്കുന്നുണ്ട് .
പിതാവ് കൂലിപ്പണിക്കാരനായതിനാൽ ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. സ്കോളർഷിപ്പുകൊണ്ടാണ് പഠനം മുന്നോട്ട് പോകുന്നത്. സ്‌കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ മത്സരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ഭദ്ര - അമൽ ദമ്പതികളാണ് ഗുരുക്കൾ. ഭദ്ര യും ട്രാൻസ്ജൻഡറാണ്. ഇരുപതാം വയസിലാണ് തൻവി സ്വന്തം സ്വത്വം തിരിച്ചറിഞ്ഞത്. ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് മാതാപിതാക്കളോട് പറഞ്ഞു. അവർ തൻവിയെ മനസിലാക്കി ചേർത്തുനിറുത്തുകയും ചെയ്തു.. മോണോ ആക്ടിലും തൻവി മത്സരിച്ചു. ഇന്ന് ലളിത ഗാനത്തിലും മത്സരിക്കുന്നുണ്ട്.

ഉദയംപേരൂർ പാലാത്ത് വീട്ടിൽ സുരേഷ് - ഷൈല ദമ്പതികളുടെ മകളാണ്. സഹോദരി ചിന്നു.

Advertisement
Advertisement