മാദ്ധ്യമങ്ങൾ വികസന വിരുദ്ധരുടെ മെഗാഫോണാവരുത്: മുഖ്യമന്ത്രി

Sunday 03 April 2022 12:00 AM IST

കോഴിക്കോട്: മാദ്ധ്യമങ്ങൾ വികസന വിരുദ്ധരുടെ മെഗാഫോണാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ളബിന്റെ സുവർണ ജൂബിലി ആഘോഷം ആശിർവാദ് ലോൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾ ഒരു കൂട്ടർ മാത്രം എതിർക്കുന്നതുകൊണ്ട് ഉപേക്ഷിക്കില്ല.

പഞ്ചവത്സര പദ്ധതി കാലത്ത് വികസനോന്മുഖ പത്രപ്രവർത്തനത്തിനാണ് മാദ്ധ്യമങ്ങൾ നേതൃത്വം നൽകിയത്. വികസന പദ്ധതികൾ വരുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവും. കൃത്യമായ പുനഃരധിവാസം ഉറപ്പാക്കിയാണ് ഓരോ പദ്ധതികളും നടപ്പാക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ കമ്പോള വിലയേക്കാൾ അധിക വിലയാണ് നൽകുന്നത്. മാദ്ധ്യമങ്ങളെ ജനം പൂർണമായും വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. അങ്ങനെയെങ്കിൽ താനിപ്പോൾ ഇങ്ങനെ ഇവിടെ ഇരുന്ന് സംസാരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ളബ് സെക്രട്ടറി പി.എസ്. രാഗേഷ് സ്വാഗതവും ട്രഷറർ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

Advertisement
Advertisement