പ്രതീക്ഷയുടെ റംസാൻ വസന്തം

Sunday 03 April 2022 12:00 AM IST

മഹാമാരി ഒരു പരിധിവരെ നമ്മെ വിട്ടുപോയെന്ന് പ്രതീക്ഷിക്കുന്ന കാലത്താണ് ഈ വർഷത്തെ റംസാൻ സമാഗതമായിട്ടുള്ളത്.

ശരീരത്തെയും മനസിനെയും നാഥന്റെ മാർഗത്തിലർപ്പിച്ച് ശുദ്ധീകരിക്കാൻ മികച്ച അവസരമാണ് പരിശുദ്ധ റംസാൻ.

നബി തിരുമേനി പറഞ്ഞു:

''ഭൂമിയിലുള്ളവനോട് നിങ്ങൾ കരുണ കാണിക്കുക,​ എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും." പരലോകത്തുവച്ച് ദൈവം മനുഷ്യനോട് ചോദിക്കും - ഞാൻ വിശന്നപ്പോൾ എന്തേ നീ എനിക്ക് ഭക്ഷണം നൽകാതിരുന്നത്? അപ്പോൾ ദൈവദാസൻ ചോദിക്കും - ദൈവമേ ഞാനെങ്ങനെ നിനക്ക് ഭക്ഷണം നൽകാനാണ് ? നീ ലോകരക്ഷിതാവല്ലേ? മുഴുവൻ ജീവജാലങ്ങൾക്കും അന്നം നൽകുന്നവനല്ലേ? ദൈവത്തിന്റെ പ്രതികരണം: എനിക്ക് വിശക്കുക എന്നാൽ എന്റെ അടിമ വിശക്കലാണ്. ദൈവത്തിന്റെ അടുത്ത ചോദ്യം: മനുഷ്യാ, ഞാൻ ദാഹിച്ചപ്പോൾ നീ എന്തേ എനിക്ക് വെള്ളം നൽകാതിരുന്നത്? മനുഷ്യൻ ചോദിക്കും: ദൈവമേ നിനക്ക് എങ്ങനെ ദാഹിക്കാനാണ്? നീയല്ലേ മഴ വർഷിപ്പിക്കുന്നത്? ദൈവത്തിന്റെ പ്രതികരണം - എനിക്ക് ദാഹിക്കുക എന്നാൽ എന്റെ അടിമയ്ക്ക് ദാഹിക്കലാണ്. ദൈവത്തിന്റെ അടുത്ത ചോദ്യം : ഞാൻ രോഗിയായിരുന്നപ്പോൾ നീ എന്തേ എന്നെ സന്ദർശിക്കാതിരുന്നത്? അപ്പോൾ ദൈവത്തിന്റെ അടിമ പ്രതികരിക്കും : ദൈവമേ നീ എങ്ങനെ രോഗിയാകാനാണ്? നീയല്ലേ ജനങ്ങൾക്ക് രോഗം നൽകുന്നവനും സുഖപ്പെടുത്തുന്നവനും. ദൈവത്തിന്റെ മറുപടി: ഞാൻ രോഗിയാവുക എന്നാൽ എന്റെ അടിമ രോഗിയാവലാണ്. ദൈവദാസന്റെ ദാഹവും വിശപ്പും രോഗവും ദൈവം ദാഹിക്കുന്നതിനും വിശക്കുന്നതിനും രോഗിയാവുന്നതിനും തുല്യമാണെന്നാണ് മതം പഠിപ്പിക്കുന്നത്.

നന്മ ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് നന്മയുടെ അവസരം പാഴാക്കാതിരിക്കാനും തിന്മ ചെയ്യുന്നവരോട് നിയന്ത്രണം പാലിക്കാനും വാനലോകത്ത് ഒരു മാലാഖ ആഹ്വാനം ചെയ്യുമത്രേ. അതുകൊണ്ട് ആത്മനിയന്ത്രണമാണ് നോമ്പിന്റെ പരമപ്രധാനമായ ലക്ഷ്യം.

നശ്വരമായ ഐഹീക ജീവിതത്തോടുള്ള കൊതിമൂലം മണ്ണിൽ മുഖം കുത്തി നടക്കേണ്ട ഗതികേടിലേക്കാണ് ഭോഗതൃഷ്ണ പുതിയ ലോകത്തെ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യരാശി ജഗന്നിയന്താവിലേക്കാണ് മുഖം തിരിക്കേണ്ടതെന്ന സന്ദേശമാണ് റംസാൻ നൽകുന്നത്. ''ലോകരക്ഷിതാവായ ദൈവത്തിലേക്ക് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു" എന്ന ഖുർ - ആൻ വാക്യം എല്ലാ നമസ്‌കാരങ്ങളിലും ഏറ്റുപറയുന്ന സത്യവിശ്വാസികൾക്ക് അത് ജീവിതം കൊണ്ട് അന്വർത്ഥമാക്കാനുള്ള അവസരമാണ് റംസാൻ.

Advertisement
Advertisement