വിറ്റുവരവിൽ റെക്കാഡ് നേട്ടവുമായി ഔഷധി

Sunday 03 April 2022 3:01 AM IST

തൃശൂർ: കഴിഞ്ഞ സാമ്പത്തികവർഷം ഔഷധി 173.09 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്നും ഇത് സർവകാല റെക്കാഡാണെന്നും ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2019-20ൽ 146.57 കോടി രൂപയും 2020-21ൽ 142.22 കോടി രൂപയും ആയിരുന്നു വിറ്റുവരവ്.

കുട്ടനെല്ലൂരിൽ ആധുനികസൗകര്യങ്ങളോടെ സജ്ജീകരിച്ച ഫാക്ടറിയിൽ ഡോക്ടർമാരുടെയും മറ്റു വിദഗ്ദ്ധരുടെയും മേൽനോട്ടത്തിൽ അഞ്ഞൂറോളം മരുന്നുകൾ നിർമ്മിക്കുന്നുണ്ട്. ആസവങ്ങളുടെയും അരിഷ്ടങ്ങളുടെയും നിർമ്മാണത്തിന് 'സെന്റർ ഒഫ് എക്‌സലൻസ് ഫൊർ ആസവാരിഷ്ട"യും കുട്ടനെല്ലൂരിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്തിനുള്ളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലുമായി ആയിരത്തിലേറെ വിതരണക്കാരിലൂടെയാണ് ഔഷധിയുടെ മരുന്നുകൾ ലഭ്യമാക്കുന്നത്.
ഔഷധനിർമാണത്തിന് ആവശ്യമായ ഇലകളും മറ്റും ഇവിടെ വില കൊടുത്ത് സംഭരിക്കുന്നതിലൂടെ ഗ്രാമീണരായ നിരവധി സ്ത്രീകൾക്ക് തൊഴിൽ കൊടുക്കാനുള്ള ഉദ്യമത്തിലാണ് ഔഷധി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സ്വീകരിക്കും. രണ്ടുവർഷം കൊണ്ട് നൂറുശതമാനം വർദ്ധന ഉത്പാദനത്തിലും വില്പനയിലും നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർപേഴ്സൺ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ ടി.കെ.ഋത്വിക്കും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement