ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി ഗൗതം അദാനി

Sunday 03 April 2022 3:10 AM IST

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുത്തക അവസാനിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം ചൂടി. ബ്ളൂംബെർഗിന്റെ റിപ്പോർട്ടുപ്രകാരം 10,​000 കോടി ഡോളർ (7.59 ലക്ഷം കോടി രൂപ)​ സമ്പാദ്യത്തോടെയാണ് അംബാനിയെ അദാനി കടത്തിവെട്ടിയത്. 9,​900 കോടി ഡോളറാണ് (7.52 ലക്ഷം കോടി രൂപ)​ മുകേഷ് അംബാനിയുടെ ആസ്‌തി.

കഴിഞ്ഞവർഷം അദാനി സമ്പാദ്യത്തിൽ കൂട്ടിച്ചേർത്തത് 2,​350 കോടി ഡോളറാണ് (1.78 ലക്ഷം കോടി രൂപ). മുകേഷിന്റെ ആസ്തിയിലുണ്ടായ വർദ്ധന 903 കോടി ഡോളർ (68,​623 കോടി രൂപ)​. ബ്ളൂംബെർഗിന്റെ ആഗോള സമ്പന്നപട്ടികയിൽ ഗൗതം അദാനി 10-ാമതും മുകേഷ് അംബാനി 11-ാമതുമാണ്. സെന്റിബില്യണർ (100 ബില്യൺ ഡോളർ)​ ക്ളബ്ബിലും ഗൗതം അദാനി ഇടംപിടിച്ചിട്ടുണ്ട്; 10,​000 കോടി ഡോളറിനുമേൽ ആസ്തിയുള്ളവരാണ് ക്ളബ്ബിലുള്ളത്.

27,​300 കോടി ഡോളർ ആസ്തിയുമായി ടെസ്‌‌ല സി.ഇ.ഒ എലോൺ മസ്കാണ് ലോകത്തെ ഏറ്റവും സമ്പന്നൻ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (18,​800 കോടി ഡോളർ)​ രണ്ടാമതും എൽ.വി.എം.എച്ച് ഉടമ ബെർണാഡ് അർണോ (14,​800 കോടി ഡോളർ)​ മൂന്നാമതുമാണ്. മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സാണ് നാലാമത്; ആസ്തി 13,​300 കോടി ഡോളർ.

Advertisement
Advertisement