കണ്ണൂരിലെ കള്ളവോട്ട്: 10 പേർക്കെതിരെ കേസ് 9 ലീഗ് പ്രവർത്തകർ, ഒരു സി.പി.എം പ്രവർത്തകൻ

Sunday 12 May 2019 12:02 AM IST

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത പത്ത് പേർക്കെതിരെ ജില്ലാ കളക്ടർ മീർ മുഹമ്മദ് അലിയുടെ നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. ഒൻപത് മുസ്ലിം ലീഗ് പ്രവർത്തകർക്കും ഒരു സി.പി.എം പ്രവർത്തകനുമെതിരെയാണ് കേസ്. തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള യു.പി സ്‌കൂൾ 166ാം നമ്പർ ബൂത്തിലാണ് അബ്ദുൾ സലാം,​ അബ്ദുൾ സലാം,​ അബ്ദുൾ സലാം,​ മർഷാദ്,​ മുബഷിർ, ഷമൽ,​ മുഹമ്മദ് സാദിഖ്,​ മുഹമ്മദ് അനസ്,​ കെ.പി ഉനൈസ് എന്നീ ലീഗ് പ്രവർത്തകർ പ്രവാസികളുടെ വോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171, സി,ഡി,എഫ് പ്രകാരം ഇവർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ എന്നിവർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു. ഇവർക്കെതിരെയും വൈകാതെ നടപടിയുണ്ടാകും.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് കുന്നിരിക്ക സ്‌കൂളിലെ ബൂത്തിൽ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവർത്തകൻ സായൂജിനെതിരെ കൂത്തുപറമ്പ് പൊലീസാണ് ആൾമാറാട്ടത്തിന് കേസെടുത്തത്. സി.പി.ഐ നേതാവും ബൂത്ത് ഏജന്റുമായ അത്തിക്ക സുരേന്ദ്രന്റെ മകൻ അഖിൽ അത്തിക്കയുടെ വോട്ടാണ് ബൂത്ത് 52ൽ ഇയാൾ ചെയ്തത്. സായൂജ് 47ാം നമ്പർ ബൂത്തിലെ വോട്ടറാണ്. കള്ളവോട്ടിന് സഹായിച്ചെന്ന് സംശയിക്കുന്ന കെ.പി. മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കും.

ധർമ്മടത്ത് കള്ളവോട്ട് ചെയ്‌തെന്ന് കരുതുന്ന മറ്റു ചിലർക്ക് കളക്ടറുടെ നിർദ്ദേശ പ്രകാരം നോട്ടീസ് നൽകിവരികയാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുത്ത ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കള്ളവോട്ട് ചെയ്‌തെന്നാണ് നിഗമനം. വേങ്ങാട് സൗത്ത് യു.പി സ്‌കൂളിലെ 46ാം നമ്പർ ബൂത്തിലെ വിസ്മയയുടെ വോട്ടാണ് ചെയ്തത്. പെൺകുട്ടി തിങ്കളാഴ്ച കളക്ടറുടെ മുമ്പാകെ ഹാജരായി മൊഴി നൽകണം. വർഷങ്ങളായി ഗുജറാത്തിൽ കഴിയുന്ന എൻ.കെ മുഹമ്മദ്, അബ്ദുൾ അസീസ് എന്നിവരുടെ വോട്ടും കള്ളവോട്ടായി ചെയ്തു. മംഗളുരുവിൽ സ്ഥിരതാമസമാക്കിയ ഒരാളുടെ വോട്ട് അഞ്ജന എന്ന യുവതിയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.