ലഹരി വില്പനയ്ക്ക് സ്ലീപ്പ‌ർ സെല്ല് ലഹരി വന്നു, 'ഇക്ക' വഴി

Monday 04 April 2022 12:37 AM IST

കൊച്ചി: സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ലഹരി വില്പനയും കൈമാറ്റവും നടത്തിയ കേസിൽ അറസ്റ്റിലായ ഐ.ടി വിദഗ്ദ്ധന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് മലയാളിയെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. 'ഇക്ക'യെന്നാണ് ഇയാൾ ലഹരി സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. കൊച്ചി സ്വദേശിയാണെങ്കിലും ഇക്കയെ കണ്ടെത്താനായിട്ടില്ല. ടെലിഗ്രാം എക്സ് വഴി ലഹരിവില്പന പൊടിപൊടിച്ചിരുന്ന ചേർത്തല അരൂർ കടവിൽപറമ്പിൽ ഹരികൃഷ്ണൻ (24) എക്സൈസ് സംയുക്ത നീക്കത്തിൽ കുടുങ്ങിയതിന് പിന്നാലെ ഇയാൾ ഒളിവിൽപ്പോയെന്നാണ് നിഗമനം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് ഇടനിലക്കാരന്റെ സഹായത്തോടെ ലഹരി എത്തിച്ചിരുന്നതെന്നാണ് ഹരികൃഷ്ണന്റെ മൊഴി. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇക്കയിൽ എത്തിയത്.

ബി.ടെക്ക് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികൾ വഴിയരികിലുൾപ്പെടെ സുരക്ഷിതമായി വച്ച് സംഘാംഗങ്ങൾക്ക് ലോക്കേഷൻ അയച്ചുനൽകിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് ഇയാൾ പ്രത്യേകം സജ്ജമാക്കിയാണ് ആശയവിനിമയം. രാത്രി ഏഴ് മുതൽ പത്തുവരെ കറങ്ങി നടന്നായിരുന്നു വില്പനയെല്ലാം നിയന്ത്രിച്ചിരുന്നത്. അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനുള്ള എല്ലാ നീക്കവും ഇയാൾ നടത്തിയിരുന്നു. എന്നാൽ അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവാക്കൾ നൽകിയ ചെറിയ വിവരത്തിന് പിന്നാലെ എക്സൈസ് സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണൻ പിടിയിലായത്. ഇയാളിൽ നിന്ന് നിരവധിപ്പേർ ലഹരിമരുന്ന് കൈപ്പറ്റിയിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

കടത്തിന് കമ്മിഷൻ
കടത്തുകാരെ നിയോഗിച്ച് ബംഗളൂരുവിൽ നിന്നുതന്നെയാണ് ഇക്കയും മയക്കുമരുന്ന് കൊണ്ടുവന്നിട്ടുള്ളത്. പിന്നീടിത് ഹരികൃഷ്ണനുൾപ്പെടെയുള്ളവർക്ക് കൈമാറും. കൈനിറയെ കടത്ത് കമ്മിഷൻ കിട്ടിയിരുന്നതിനാൽ യുവാക്കളുൾപ്പെടെ ഒരു സംഘം തന്നെ ഇക്കയ്ക്കുവേണ്ടി ലഹരി എത്തിച്ചിരുനൽകിയിരുന്നു. ഇവരിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്.

 സംഘാംഗങ്ങൾ 100ലധികം

നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം' എന്ന് പേരിൽ സംഘമുണ്ടാക്കിയായിരുന്നു ഹരികൃഷ്ണൻ ലഹരിക്കച്ചവടം നടത്തിയിരുന്നത്. ചുരുങ്ങിയത് 100ലധികം പേർ ഈ സംഘത്തിലുണ്ടായിരുന്നതായാണ് എക്സൈസ് പറയുന്നു. അറസ്റ്റിലായ ഉടനെ ടെലിഗ്രാം ആപ്പ് നീക്കം ചെയ്തത് സ്ലീപ്പർ സെല്ലുകളെ കണ്ടെത്താനുള്ള നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ വിവരങ്ങൾ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് എക്സൈസ്.

Advertisement
Advertisement