അവധിയിലും ഒഴുകിയെത്തി സിനിമാപ്രേമികൾ

Monday 04 April 2022 12:39 AM IST

കൊച്ചി: ഞായറിന്റെ അവധി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മാറ്റ് കുറച്ചില്ല. ഒഴുകിയെത്തിയ ആസ്വാദകർക്കായി 14 സിനിമകളാണ് ഇന്നലെ പ്രദർശിപ്പിച്ചത്. ഭൂരിപക്ഷം സിനിമകൾക്കും നിറഞ്ഞ സദസായിരുന്നു. യുവാക്കളുടെ പങ്കാളിത്തം മേളയെ കൊഴുപ്പിച്ചു.

സമീപകാലത്ത് നിര്യാതരായ ചലച്ചിത്രപ്രതിഭകളെ അനുസ്മരിച്ചാണ് ഇന്നലെ ചലച്ചിത്രോത്സവം ആരംഭിച്ചത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. വിടപറഞ്ഞ നടൻ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് വിടപറയും മുമ്പേ സിനിമയും പ്രദർശിപ്പിച്ചു. മോഹൻ സംവിധാനം ചെയ്ത് 1981ൽ റിലീസ് ചെയ്ത സിനിമയുടെ പ്രദർശനം നെടുമുടി വേണുവിന്റെ ഓർമ്മകൾക്ക് ഉചിതമായ അഞ്ജലിയായി മാറി.

കാമറ കണ്ട കള്ളനോട്ടം

യുവസംവിധായകൻ രാഹുൽ റിജിനായർ ഒരുക്കിയ കള്ളനോട്ടം കാലിഡോസ്കോപ്പ് വിഭാഗത്തിൽ ഇന്നലെ പ്രദർശിപ്പിച്ചു. നിരവധി മേളകളിൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമയാണ് കള്ളനോട്ടം. കൈമാറിപ്പോകുന്ന കാമറ കാണുന്ന കാഴ്ചകൾ അവതരിപ്പിക്കുന്നാണ് കള്ളനോട്ടം. സിനിമാക്കമ്പം മൂത്ത പത്തു വയസുകാരൻ വിൻസെന്റ് കടയിൽ നിന്ന് ഒരു നിരീക്ഷണകാമറ മോഷ്ടിക്കുന്നു. സുഹൃത്തുക്കളായ റോസി, കിഷോർ എന്നിവരുമൊത്ത് കാമറയിൽ ചിത്രീകരണം ആരംഭിക്കുന്നു. ഒരു വഴക്കിനിടെ റോസി പിണങ്ങിപ്പിരിഞ്ഞു. ഷൂട്ടിംഗ് മുടങ്ങി. കുറ്റബോധം ശക്തമായ വിൻസെന്റ് കാമറ ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പിടിക്കപ്പെട്ടു. പലരിലൂടെ കൈമാറുന്ന കാമറ കണ്ട കാഴ്ചകളാണ് കള്ളനോട്ടത്തിന്റെ ഇതിവൃത്തം.

തിരക്കഥയും രാഹുൽ റിജി നായരാണ്. വാസുദേവ് സജീഷ് മാരാർ, സൂര്യദേവ് സജീഷ് മാരാർ, അനൻസു മരിയ തോമസ്, വിനീത കോശി എന്നിവരാണ് അഭിനയിച്ചത്.

സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ എന്നിവർ സംവിധാനം ചെയ്ത ചവിട്ട് എന്ന മലയാള സിനിമിയും ഇന്നലെ പ്രദർശിപ്പിച്ചു. വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്ങൾ എന്ന തമിഴ്സിനിമയും കൈയടി നേടി.

പ്രതിഭകൾക്ക് ശ്രദ്ധാഞ്ജലി

കൊച്ചി: ഇന്ത്യൻ സിനിമയുടെ വളർച്ചയെ സർഗ്ഗസമ്പന്നമാക്കിയ സംഭാവനകൾ നൽകി സമീപകാലത്ത് കടന്നുപോയ പ്രതിഭാശാലികൾക്ക് കൊച്ചിയുടെ ശ്രദ്ധാഞ്ജലി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിഭകളെ പുഷ്പാർച്ചന നടത്തി അനുസ്‌മരിച്ചു.

മലയാള അഭിനേതാക്കളായ കെ.പി.എ.സി ലളിത, നെടുമുടി വേണു, പി. ബാലചന്ദ്രൻ, സംവിധായകൻ കെ.എസ്. സേതുമാധവൻ, തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്, നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ, ഹിന്ദി താരം ദിലീപ് കുമാർ, ഗായിക ലതാ മങ്കേഷ്‌കർ, സംവിധായകൻ ബുദ്ധ ദേവദാസ് ഗുപ്ത എന്നിവർക്കാണ് റീജിണൽ ഐ.എഫ്.എഫ്.കെ വേദിയായ എറണാക്കുളം സരിത തിയേറ്ററിലെ ഫെസ്റ്റിവൽ വേദിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചത്.
മലയാളത്തിലെ മുതിർന്ന അഭിനേതാവ് ജനാർദ്ദനൻ ഭദ്രദീപത്തിലെ ആദ്യതിരി തെളിയിച്ചു. അക്കാഡമി ചെയർമാൻ രഞ്ജിത്, ജോഷി, വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവരും തിരിതെളിയിച്ചു. അക്കാഡമി സെക്രട്ടറി അജോയ് നന്ദി പറഞ്ഞു.

Advertisement
Advertisement