ലക്ഷ്യം തൊടാതെ വികസന പദ്ധതികൾ

Monday 04 April 2022 12:41 AM IST

 കാൽനൂറ്രാണ്ട് പിന്നിടുമ്പോഴും ജനകീയാസൂത്രണം ഇഴഞ്ഞുതന്നെ

കൊച്ചി: കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ജനകീയാസൂത്രണ പദ്ധതിയുടെ ബാലാരിഷ്ടതകൾ ഒഴിയുന്നില്ല. പദ്ധതി നിർവഹണത്തിൽ അനാവശ്യ കാലതാസമുണ്ടാക്കി ഫണ്ട് ലാപ്സാക്കുകയോ യഥാസമയം വിനിയോഗിക്കാതിരിക്കുകയോ ചെയ്യുന്ന കെടുകാര്യസ്ഥത ഇത്തവണയും ആവർത്തിച്ചു.

2021- 22 സാമ്പത്തിക വർഷം ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ലക്ഷ്യം കൈവരിക്കാനായില്ല. 82 ഗ്രാമപഞ്ചായത്തുകളിൽ 22 ഉം 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഉം 13 നഗരസഭകളിൽ 4 ഇടത്തും മാത്രമാണ് പദ്ധതിപ്രവർത്തനം 100 ശതമാനം പൂർത്തിയാക്കിയത്. ജില്ലയിലെ ആകെ പദ്ധതി അടങ്കലായ 585.63 കോടി രൂപയിൽ 495.48 കോടി മാത്രമാണ് (84.61ശതമാനം) മാർച്ച് 31 നകം ചെലവഴിക്കാനായത്. അതിൽ തന്നെ 23.46 ശതമാനം തുകയും മാർച്ച് 12 ന് ശേഷം തിടുക്കപ്പെട്ട് പൂർത്തിയാക്കിയതുമാണ്. അവസാനനാളിൽ മരാമത്ത് പണികളായ റോഡ് ടാറിംഗ്, കോൺക്രീറ്റിംഗ്, പാലം, കലുങ്ക്, കെട്ടിട നിർമ്മാണം എന്നിവ തട്ടിക്കൂട്ടിയാണ് തുകവിനിയോഗം ഇത്രയുമെങ്കിലും വർദ്ധിപ്പിക്കുന്നത്. കൊച്ചി കോർപ്പറേഷൻ 87.81ശതമാനവും ജില്ല പഞ്ചായത്ത് 86.37 ശതമാനവും തുകമാത്രമാണ് വിനിയോഗിച്ചത്. പട്ടികജാതി, പട്ടികവർഗ മേഖലയിലും പദ്ധതിപ്രവർത്തനം അവതാളത്തിലായി.

 ടി.എസ്.പി ചെലവ് പകുതിമാത്രം

ആദിവാസി വിഭാഗങ്ങൾക്കുള്ള ടി.എസ്.പി വിഹിതത്തിൽ 50.63 ശതമാനം മാത്രമെ വിനിയോഗിക്കാനായിട്ടുള്ളു. വൈദ്യുതി, കുടിവെള്ളം, ഗതാഗതം, ഭവന നിർമ്മാണം, കക്കൂസ് തുടങ്ങി ആദിവാസിമേഖലയിൽ നിരവധി പ്രശ്നങ്ങൾ അവശേഷിക്കുമ്പോഴാണ് അനുവദിക്കുന്ന പണംപോലും കൃത്യമായി വിനിയോഗിക്കാനാവാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉഴപ്പുന്നത്.

 മികവ്

സംസ്ഥാനതലത്തിൽ മരട് മുനിസിപ്പാലിറ്റി (111.13) രണ്ടാം സ്ഥാനവും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കൊച്ചി കോർപറേഷൻ എന്നിവ മൂന്നാം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

 സംസ്ഥാനതലത്തിൽ 80 ശതമാനം

2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിനിയോഗം 80 ശതമാനം മാത്രമാണ്. ആകെ അനുവദിച്ച പദ്ധതിവിഹിതം 8136.52 കോടി രൂപയാണ്. സാമ്പത്തിക വർഷത്തിലെ 11 മാസവും 11 ദിവസവും പൂർത്തിയായ മാർച്ച് 11 വരെ 49.30 ശതമാനവും അവശേഷിച്ച 20 ദിവസംകൊണ്ട് 30.70 ശതമാനവും ചെലവഴിച്ച് 80 ൽ എത്തിച്ചു. സംസ്ഥാനതലത്തിലും മരാമത്ത് പണികൾക്കാണ് അവസാന നിമിഷം കൂടുതൽ പണം വിനിയോഗിച്ചത്. എൻജിനിയറിംഗ് വിഭാഗത്തിൽ ആകെ അനുവദിച്ച 2693.63 കോടി രൂപയിൽ 2124.09 കോടിയും ചെലവഴിച്ചത് 20 ദിവസം കൊണ്ടാണ്.

Advertisement
Advertisement