പത്തനംതിട്ടയാ, പെട്ടത് തന്നെ...

Monday 04 April 2022 12:45 AM IST
ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ കോട്ടയം സി.എം.എസ് കോളേജിലെ കാർത്തിക് എസ്. സൈജു

പത്തനംതിട്ട : വേഷപ്പകർച്ചകൾ വർണപ്പകിട്ട് തീർക്കുമ്പോഴും പത്തനംതിട്ടയിലെ യാത്രാക്ളേശം കല്ലുകടിയാകുന്നുണ്ട്. പതിവ് പോലെ ഇപ്പോഴും രാത്രി എട്ടുമണിക്ക് ശേഷം ജില്ലാ ആസ്ഥാനത്ത് നിന്ന് ബസില്ല. മിക്ക മത്സരങ്ങളും അവസാനിക്കുന്നത് രാത്രി വൈകിയാണ്. യുവജനോത്സവനാളുകളിൽ പ്രധാന കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തുന്നത് ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. പത്തനംതിട്ടയിലെ താമസസൗകര്യങ്ങൾ പരിമിതമായതിനാൽ കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലും റൂം എടുത്ത് താമസിക്കുന്നവരുണ്ട്. കാതോലിക്കേറ്റ് കോളേജിലേക്കുള്ള റോഡുകളിൽ വലിയ ബ്ളോക്ക് ഉണ്ടാകുന്നതിനാൽ ഓട്ടോറിക്ഷകളും അപൂർവ്വമായാണ് ഇവിടെ എത്തുന്നത്. ട്രെയിൻ കിട്ടണമെങ്കിൽ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ എത്തണം. ഇത് മൂലം സ്വന്തമായി വാഹനം ഇല്ലാത്തവർ വേദിയിൽതന്നെ രാത്രി ചെലവഴിച്ച ശേഷം രാവിലെയാണ് മടങ്ങുന്നത്.

ആഹാരമാണ് മറ്റൊരു പ്രധാന പ്രശ്നം. ആയിരക്കണക്കിന് മത്സരാർത്ഥികളും കാണികളും എത്തിയിട്ടും സംഘാടകർ കാര്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പ്രധാന വേദിക്ക് സമീപം ചുരുക്കം ആളുകൾക്ക് മാത്രമാണ് ഭക്ഷണ സൗകര്യമുള്ളത്. അത് പാസ് മൂലം നിയന്ത്രിച്ചിട്ടുമുണ്ട്. സ്ഥലപരിമിതി മൂലം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായും വരും. ഇത് ഇന്നലെ പ്രതിഷേധങ്ങൾക്കും വാക്കേറ്റങ്ങൾക്കും വരെ കാരണമായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ കഴിഞ്ഞ ദിവസവും രാത്രി എട്ടരയോടെ അടച്ചു. വെള്ളവും മറ്റും വാങ്ങുന്നതിന് രാത്രി പന്ത്രണ്ട് വരെ സെൻട്രൽ ജംഗ്ഷനിലെ ഒരു കടക മാത്രമാണ് ഉണ്ടായിരുന്നത്.

Advertisement
Advertisement