നഗരസഭ മാസ്റ്റർപ്ലാൻ പ്രശ്നം താലൂക്ക് വികസന സമിതിയിൽ

Monday 04 April 2022 12:45 AM IST

ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭ മാസ്റ്റർപ്ലാൻ റദ്ദാക്കാൻ ആവശ്യപെട്ട് താലൂക്ക് വികസന സമിതിയിൽ പരാതി. നഗരസഭയിലെ ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കുന്ന മാസ്റ്റർപ്ലാനിൽ ഭൂരിഭാഗവും ഭേദഗതി വരുത്തേണ്ടിവരുെമെന്നും അതുകൊണ്ട് സർക്കാർ ഇടപെട്ട് പ്ലാൻ റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുമേഷ് അച്യുതനാണ് ആവശ്യം ഉന്നയിച്ചത്. മുൻ നഗരസഭാദ്ധ്യക്ഷൻ കെ.മധുവിന്റെ കാലത്ത് മാസ്റ്റർപ്ലാൻ ചർച്ചചെയ്ത് അംഗീരിച്ചതാണ്. എന്നാൽ ഇതിൽ ഒട്ടേറെ അപാകതകളും ആശങ്കകളുമുണ്ട്. ഇതിൽ ആവശ്യമായ ഭേദഗതി വരുത്താനുള്ള നടപടി സ്വീകരിക്കുെമെന്ന് നഗരസഭ അദ്ധ്യക്ഷ കെ.എൽ.കവിത പറഞ്ഞു.
പട്ടികജാതി വികസന ഓഫീസിൽനിന്ന് ഒരു വ്യക്തിക്ക് നാലുവർഷത്തിനുള്ളിൽ രണ്ടുതവണ സാമ്പത്തിക സഹായം നൽകിയത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് തത്തമംഗലം മടുപ്പിക്കാവ് സി.രാമൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ മറുപടി നൽകാൻ പട്ടികജാതി വികസന ഓഫീസർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അദ്ധ്യക്ഷത വഹിച്ചു. തഹ്സിൽദാർ ഡി.അമൃതവല്ലി പങ്കെടുത്തു. അതേസമയം നഗരസഭയുടെ മാസ്റ്റർപ്ലാൻ വിഷയത്തിൽ നഗരസഭാ ചെയർപേഴ്സൺ ഒളിച്ചുകളിക്കുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement