ചെന്നൈയ്ക്ക് മൂന്നാം തോൽവി

Sunday 03 April 2022 11:29 PM IST

മുംബയ് : സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ 54 റൺസിനാണ് ചെന്നൈ തോറ്റത്. പഞ്ചാബിനോട് വിജയിക്കാൻ 181 റൺസ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് 18 ഓവറിൽ 126 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.

ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 180 റൺസടിച്ചത്. ടോസ് നേടിയ ചെന്നൈ നായകൻ രവീന്ദ്ര ജഡേജ പഞ്ചാബിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. 14 റൺസ് എടുക്കുന്നതിനിടെ നായകൻ മായാങ്ക് അഗർവാളിനെയും (4)ഫസ്റ്റ് ഡൗൺ ഭാനുക രജപക്സയെയും നഷ്ടമായ പഞ്ചാബിനെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ശിഖർ ധവാനും (33) ലിയാം ലിവിംഗ്സ്റ്റണും (60) ചേർന്നാണ് വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ മുകേഷ് ചൗധരിയാണ് മായാങ്കിനെ പുറത്താക്കിയത്.ഉത്തപ്പയ്ക്കായിരുന്നു ക്യാച്ച്. രാജപക്സെ രണ്ടാം ഓവറിൽ റൺഒൗട്ടാവുകയായിരുന്നു.ആദ്യ പത്തോവർ പൂർത്തിയാവും വരെ ക്രീസിൽ നിന്ന ധവാനും ലിവിംഗ്സ്റ്റണും കൂട്ടിച്ചേർത്തത് 95 റൺസാണ്.24 പന്തിൽ നാലുഫോറും ഒരു സിക്സും പായിച്ച ധവാനെ ബ്രാവോയുടെ പന്തിൽ ജഡേജ പിടികൂടുകയായിരുന്നു. അർദ്ധസെഞ്ച്വറിയിലെത്തുംമുന്നേ ലൈഫ് കിട്ടിയിരുന്ന ലിവിംഗ്സ്റ്റൺ ധവാന് പിന്നാലെ 11-ാം ഓവറിൽ കൂടാരം കയറിയതോടെ ചെന്നൈ കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചെങ്കിലും 17 പന്തുകളിൽ മൂന്ന് സിക്സടക്കം 26 റൺസടിച്ച ജിതേഷ് ശർമ്മ റൺറേറ്റ് താഴാതെ നോക്കി.15-ാം ഓവറിൽ പ്രിട്ടോറിയസ് ജിതേഷിനെയും അടുത്ത ഓവറിൽ ക്രിസ് യോർദാൻ ഷാറുഖ് ഖാനെയും (6) പുറത്താക്കിയതോടെ പഞ്ചാബ് 151/6 എന്ന നിലയിലായി. തുടർന്ന് റബാദയും (12) രാഹുൽ ചഹറും (12) ചേർന്ന് 180ലെത്തിച്ചു.

മറുപടിക്കിറങ്ങിയ ചെന്നൈയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറയും ലിയാം ലിവിംഗ്സ്റ്റണും ചേർന്നാണ് ചുരുട്ടിയത്. ഉത്തപ്പ(13),റിതുരാജ്(1),മൊയീൻ അലി (0),അമ്പാട്ടി(13),ജഡേജ(0) എന്നിവർ ബാറ്റിംഗിൽ നിരാശപ്പെടുത്തിയതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ശിവം ദുബെയും (57), ധോണിയും (23) പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നത്തെ മത്സരം

ഹൈദരാബാദ് Vs ലക്നൗ

Advertisement
Advertisement