കഴുതയെ അങ്ങനെ എഴുതിത്തള്ളല്ലേ, ആ സാധു മൃഗം നിങ്ങളെ എളുപ്പത്തിൽ പണക്കാരനാക്കും, ഒരുലിറ്റർ പാലിന് വില 7000 രൂപ വരെ, മൂത്രത്തിനുമുണ്ട് ആവശ്യക്കാരേറെ

Monday 04 April 2022 10:19 AM IST

കാഞ്ഞങ്ങാട്: കഴുതയെ പമ്പരവിഡ്ഢിയായ മൃഗമായി ചിത്രീകരിക്കുന്നവരാണ് പൊതുവേ മലയാളികൾ. തൊട്ടയൽപക്കമായ തമിഴ്നാട്ടിൽ വിവിധ ഉപയോഗങ്ങൾക്കായി പോറ്റുമ്പോഴും ഇവിടെ കഴുത അത്ര പ്രിയപ്പെട്ട മൃഗമായിട്ടില്ല. എന്നാൽ പടന്നക്കാട് ഡോ.മനോജിന്റെ അനുഭവമറിഞ്ഞാൽ മലയാളികളുടെ പമ്പരവിഡ്ഢിത്തമോർത്ത് ഊറിച്ചിരിക്കേണ്ടിവരും. ഹലാരി ഇനത്തിൽപെട്ട കഴുതയെ രണ്ടുവർഷം മുമ്പാണ് ഡോ.മനോജ് മലപ്പുറത്ത് നിന്ന് വാങ്ങി വീട്ടിലെത്തിച്ചത്. ലിവർ സീറോസിസ് ബാധിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ ഡോക്ടറാണ് കഴുതപ്പാൽ കഴിക്കാൻ നിർദ്ദേശിച്ചത് .അസുഖം ഭേദപ്പെട്ടതോടെയാണ് കഴുതയെ വാങ്ങിക്കാൻ ഡോക്ടർ തീരുമാനിച്ചത്.

അങ്ങനെ വാങ്ങിയ കഴുതയ്ക്ക് പൂജ എന്ന പേരിട്ടു. രണ്ടരവയസുകാരിയായ പൂജ പന്ത്രണ്ട് മാസത്തെ ഗർഭകാലം പിന്നിട്ട് രണ്ടാഴ്ച മുമ്പാണ് പ്രസവിച്ചത്. ഒരു ലിറ്ററിനടുത്ത് പാൽ ലഭിക്കുമെന്ന് കരുതുന്നതായി ഡോക്ടർ കേരളകൗമുദിയോട് പറഞ്ഞു. നിലവിൽ ലിറ്ററിന് ഏഴായിരം രൂപ ഇതിന് ലഭിക്കും. പടന്നക്കാട്ടെ തന്റെ സ്വകാര്യ ഫാർമസിയായ മരിയൻ നഴ്സിംഗ് ഹോമിൽ നിന്ന് ചെറിയ അളവിൽ പാൽ നൽകാനാണ് ഡോക്ടറുടെ തീരുമാനം.പാലിനെന്നപോലെ കഴുതമൂത്രത്തിനും നല്ല ഡിമാൻഡാണെന്ന് ഡോ.മനോജ് പറയുന്നു. എന്നാൽ ഇവിടെ അത് വിൽക്കുന്നില്ല. മുഖത്തെ ചുളിവുകൾ മാറ്റുന്ന സൗന്ദര്യവർദ്ധക വസ്തുവായും ആന്റി മൈക്രോബിയലായും സിറോസിസ് ഉൾപ്പെടെയുള്ള വയർ, കുടൽ രോഗങ്ങൾക്കും പ്രമേഹത്തിനുമുള്ള മരുന്നായും കഴുതപ്പാൽ ഉപയോഗിച്ചുവരുന്നുണ്ട്.ഫാറ്റി ആസിഡ്, അമിനോ ആസിഡ് , പഞ്ചസാര എന്നിവയുടെ അളവ് കഴുതപ്പാലിൽ കുറവാണ്.

ദിവസം പരമാവധി ഒരുലിറ്റർ പാൽ കിട്ടുമെന്നാണ് കരുതുന്നത്. ഇരുപത് ദിവസം കഴിഞ്ഞാൽ കറന്നുതുടങ്ങും. ഇത് മരുന്നുണ്ടാക്കുന്നതിനും ചാരിറ്റി ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നാണ് കരുതുന്നത്.

ഡോ. മനോജ് പടന്നക്കാട്‌

Advertisement
Advertisement