സിപിഎമ്മുകാരും  ജീവനക്കാരും തന്നെ  അപമാനിച്ചു, ഇവരുടെ സഹായം വേണ്ട; വായ്‌പ  തിരിച്ചടച്ച ഇടത് ജീവനക്കാരുടെ സഹായം ഗൃഹനാഥൻ നിരസിച്ചു

Monday 04 April 2022 5:44 PM IST

കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്‍റെ വായ്പാ തിരിച്ചടച്ച് ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന. എന്നാൽ ഇവരുടെ സഹായം വേണ്ടെന്ന് ജപ്തി ചെയ്ത വീടിന്‍റെ ഗൃഹനാഥനായ അജേഷ്. സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചവരാണെന്നും ഇവരുടെ സഹായം വേണ്ടെന്നുമാണ് അജേഷ് പറഞ്ഞത്. തെറ്റ് മറയ്ക്കാനാണ് ഇവരിപ്പോൾ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടത്. സാമൂഹ്യ മാദ്ധ്യമത്തിലൂടെ ബാങ്ക് ചെയർമാനായ ഗോപി കോട്ടമുറിക്കലാണ് വിവരം അറിയിച്ചത്. ഗുരുതരമായ ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് മൂവാറ്റുപുഴ അ‍ർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്. വീട് പണയം വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.

അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നാണ് ബാങ്ക് ജീവനക്കാർ നൽകിയ വിശദീകരണം. ഇതിനിടെ ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകിയിരുന്നു. ബാങ്കിന് അജേഷ് കൊടുക്കാനുള്ള തുക താൻ അടച്ചു കൊള്ളാമെന്ന് അറിയിച്ചുള്ള കത്താണ് കുഴൽനാടൻ നൽകിയത്.