സംസ്ഥാനത്തിന് കേന്ദ്ര പദ്ധതികൾ വി. മുരളീധരന്റെ ഇടപെടലിൽ : കെ. സുരേന്ദ്രൻ

Tuesday 05 April 2022 1:22 AM IST

കോഴിക്കോട് : കേന്ദ്രത്തിൽ സംസ്ഥാനത്ത് നിന്ന് എട്ട് മന്ത്രിമാരുണ്ടായിരുന്ന കാലങ്ങളിൽ പോലും ലഭിക്കാത്ത കേന്ദ്ര പദ്ധതികൾ ഇപ്പോൾ ലഭിക്കുന്നതിന് പിന്നിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രം ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നവരാണ് ഇപ്പോൾ അദ്ദേഹത്തെ ആക്ഷേപിക്കുന്നത്. ജനങ്ങളെ കബിളിപ്പിച്ച് വലിയ അഴിമതി ലക്ഷ്യം വച്ച് പ്രഖ്യാപിച്ച കെ. റെയിലിന്റെ പൊള്ളത്തരം തുറന്ന് കാണിച്ചതാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മും തിരിയാൻ കാരണം. ബി.ജെ.പി പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്നുണ്ട്. അങ്ങാടിയിൽ തോറ്റതിന് മുരളീധരനോട് എന്ന രീതിയിലാണ് സി.പി.എം പ്രതികരണം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിസുരക്ഷാ സേന പരിശീലനം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപെടൽ ഞെട്ടിപ്പിക്കുന്നതാണ്. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് തടിതപ്പാനാണ് സർക്കാർ ശ്രമം. പരിശീലനം നൽകാൻ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Advertisement
Advertisement