കിൻഫ്ര നോളജ് പാർക്ക് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ ഹൈക്കോടതി നിർദേശം

Wednesday 06 April 2022 12:02 AM IST
കിൻഫ്ര നോളജ് പാർക്ക്

രാമനാട്ടുകര​:​ കിൻഫ്ര നോളജ് പാർക്കിന് ഭൂമി വിട്ടുനൽകിയ അരക്കിണർ താഴെതാരംകണ്ടി അബ്ദുൽ ഹാബിദിന്റെ നഷ്ടപരിഹാരത്തുക മേയ് 20നു മുമ്പ് കെട്ടിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. നോളജ് പാർക്ക് ഭൂമി പൊതുലേലം ചെയ്യാനുള്ള കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കിൻഫ്ര എം.ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. പൊതുലേലം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രിൻസിപ്പൽ സബ് കോടതി നടപടികൾ ജൂൺ ഒന്നിലേക്കു മാറ്റി. മദ്ധ്യവേനൽ അവധി കഴിഞ്ഞ് മേയ് 31നു ഹൈക്കോടതി കേസ് പരിഗണിക്കും.

ദേശീയപാതയ്ക്ക് സമീപത്തെ 6 സെന്റ് ഭൂമിയാണ് കിൻഫ്ര പാർക്കിന് അബ്ദുൽ ഹാബിദ് വിട്ടുനൽകിയത്. ഇതിന്റെ നഷ്ടപരിഹാരമായി 41 ലക്ഷം രൂപയാണ് ഇനി കിട്ടാനുള്ളത്. അഭിഭാഷകൻ രത്നകുമാർ മല്ലിശ്ശേരി മുഖേന ഹാബിദ് സമർപ്പിച്ച ഹർജിയിൽ ഇന്നലെ കിൻഫ്ര ഭൂമി പൊതുലേലം നടത്താനായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ്. ഇതിനെതിരെയാണ് കിൻഫ്ര ഹൈക്കോടതിയെ സമീപിച്ചത്. 2008ൽ ഏറ്റെടുത്ത 77.78 ഏക്കർ ഭൂമിയുടെ നഷ്ടപരിഹാരം 13 വർഷത്തിനു ശേഷവും ഭൂവുടമകൾക്കു പൂർണമായും ലഭിച്ചിട്ടില്ല.

2010ൽ ന്യായവിലയുടെ പത്തിലൊന്ന് മാത്രമാണ് നൽകിയത്. ഒത്തുതീർപ്പ് തുക ലഭിക്കാത്തതിനെ തുടർന്ന് ഭൂവുടമകൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കോടതി ജപ്തി നടപടികൾ സ്വീകരിക്കുകയും മൂന്ന് സർക്കാർ വാഹനങ്ങൾ ലേലം ചെയ്യുകയുമുണ്ടായി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയു‌‌ടെ നേതൃത്വത്തിൽ മാർച്ച് 9, 10, 11 തീയതികളിൽ നടത്തിയ അദാലത്തിൽ ഏപ്രിൽ 20നകം തുക കെട്ടിവയ്ക്കാമെന്നു കിൻഫ്രയും തഹസിൽദാരും അറിയിച്ചിരുന്നു. ഇതുപ്രകാരം നഷ്ടപരിഹാരത്തുക കിട്ടാനുള്ള പലരും അദാലത്തിൽ ധാരണയിൽ ഒപ്പിട്ടിട്ടുണ്ട്.

Advertisement
Advertisement