കെ.എസ്.ഇ.ബി പോര്: എതിർപ്പ് വഴിവിട്ട നീക്കങ്ങൾ തടഞ്ഞതിനെന്ന് അസോസിയേഷൻ

Friday 08 April 2022 2:50 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഭരണാനുകൂല സംഘടനയായ ഒാഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റിനെ സസ്പെൻഡ് ചെയ്ത മാനേജ്മെന്റ് നടപടിക്ക് പിന്നിൽ വഴിവിട്ട നീക്കങ്ങൾ തടഞ്ഞതിലുള്ള ഇൗർഷ്യയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറൽസെക്രട്ടറി ബി.ഹരികുമാറും ആരോപിച്ചു.

കെ.എസ്.ഇ.ബിക്ക് ടാറ്റായിൽ നിന്ന് 1200 ഇ.വാഹനങ്ങളും, ഇ.ആർ.പി സോഫ്റ്റ് വെയറും വാങ്ങാനുള്ള മാനേജ്മെന്റ് നീക്കത്തെ അസോസിയേഷൻ സാങ്കേതിക,സാമ്പത്തിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി എതിർത്തിരുന്നു. ഇതേ തുടർന്ന് 1200 കാറുകൾ വാങ്ങാനുള്ള പദ്ധതി 65 എണ്ണത്തിൽ ഒതുങ്ങി. ഇ.ആർ.പി.സോഫ്റ്റ് വാങ്ങലും നടന്നില്ല. ചെയർമാന്റെ ഡ്രൈവറുടെ വീട്ടിൽ ഇരുപത് ലക്ഷത്തിലേറെ വില വരുന്ന പുതിയ ടാറ്റാ ഹാരിയർ കാർ വാങ്ങിയതിൽ ദുരൂഹതയുണ്ട്. കെ.എസ്.ഇ.ബി യൂണിറ്റിൽ ഉണ്ടാക്കുന്ന 20000 ഫാൾട്ട് പാസ് ഡിറ്റക്ടർ 1.65ലക്ഷം രൂപ നൽകി വാങ്ങാനുള്ള നീക്കവും അസോസിയേഷൻ ഇടപെട്ട് തടഞ്ഞു. 17500 രൂപയാണ് കെ.എസ്.ഇ.ബിയിലുണ്ടാക്കുന്ന ഇൗ ഉപകരണത്തിന്റെ വില. ദേശീയ പൊതുപണിമുടക്കിൽ പങ്കെടുത്താൽ പ്രൊമോഷൻ പോലും നിഷേധിക്കുമെന്ന് ചെയർമാൻ ഭീഷണി മുഴക്കുന്നതിന് പിന്നിൽ ഇത്തരം താൽപര്യങ്ങളാണെന്നും അവർ കുറ്റപ്പെടുത്തി.

അടിസ്ഥാന രഹിതമെന്ന്

മാനേജ്മെന്റ്

അതേ സമയം,അസോസിയേഷന്റെ ആരോപണങ്ങൾ കെ.എസ്.ഇ.ബി മാനേജ്മെന്റ് നിഷേധിച്ചു.

17,500 രൂപ വില വരുന്ന ഫാൾട്ട് പാസ് ഡിറ്റക്ടർ ആഭ്യന്തരമായി ഉൽപാദിപ്പിച്ചത് 11കെ.വി. ഓവർഹെഡ് ലൈനിലെ ഫാൾട്ടുകളുടെ ഡാറ്റാ ഒരു കൺട്രോൾ യൂണിറ്റ് വഴി സെർവറിൽ എത്തിക്കുന്നതിനാണ്. എന്നാൽ ആർ.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി കേന്ദ്രപവർ ഫിനാൻസ് കോർപ്പറേഷൻ തയ്യാറാക്കിയത് സ്‌കാഡാ ഇന്റഗ്രേറ്റഡ് ഫാൾട്ട് പാസ് ഡിറ്റക്ടറാണ്. അതിന്റെ വില പോർട്ടലിൽ പവർ ഫിനാൻസ് കോർപ്പറേഷൻ ലഭ്യമാക്കിയിട്ടുണ്ട്. . വിശദമായ പഠനം നടത്തി ടെൻഡർ നടപടികളിലൂടെ മാത്രമേ നടപടികളിലേക്ക് കടക്കൂ.

ബോർഡ് ചെയർമാന്റെ ഡ്രൈവറുടെ ബന്ധു സ്വന്തം ഇന്നോവ കാർ എക്സ്ചേഞ്ച് ചെയ്ത് ബാങ്ക് വായ്പയുമെടുത്ത് 21 ലക്ഷത്തോളം രൂപ വില വരുന്ന ടാറ്റാ ഹാരിയർ വാങ്ങിയതിൽ ദുരൂഹത ആരോപിക്കുന്നത് ഉചിതമല്ല. ഗുരുതര അച്ചടക്ക ലംഘനത്തിന് സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥനെതിരെ , അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ കൂടുതൽ അച്ചടക്ക നടപടി വേണ്ടി വരുമെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു..

Advertisement
Advertisement