യു.എസിൽ സാമ്പത്തികമാന്ദ്യം പിടിമുറുക്കുമെന്ന് റിപ്പോർട്ട്

Friday 08 April 2022 12:15 AM IST

വാഷിംഗ്ടൺ: 2023ൽ യു.എസിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ഡെച്ചെ ബാങ്കാണ് നിർണായക പ്രവചനം നടത്തിയിരിക്കുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശ നിരക്ക് ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പ്. 40 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് യു.എസിൽ പണപ്പെരുപ്പമെത്തുമെന്നും പ്രവചനമുണ്ട്. അതേസമയം, അടുത്ത മൂന്ന് മീറ്റിംഗുകളിലും ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ നടപടി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോയെന്നാണ് ആശങ്ക. പലിശനിരക്ക് ഉയർത്തിയാൽ കടമെടുപ്പിന് കൂടുതൽ ചെലവേറും. എന്നാൽ, പലിശനിരക്ക് ഉയർത്തിയാലും സാമ്പത്തിക മാന്ദ്യത്തിലേക്ക് യു.എസ് സമ്പദ്‍വ്യവസ്ഥ പോകില്ലെന്നാണ് ഫെഡറൽ റിസർവിന്റെ വിലയിരുത്തൽ. ഡെച്ചെക്ക് പുറമേ ഗോൾഡ്മാൻ സാച്ചസും യു.എസിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം യു.എസിൽ തൊഴിലില്ലായ്മ നിരക്കും ഉയരുമെന്നും പ്രവചനമുണ്ട്. 3.6 ശതമാനത്തിൽ നിന്നും തൊഴിലില്ലായ്മ നിരക്ക് 2024ൽ 4.9 ശതമാനം വരെ ഉയരുമെന്നാണ് ആശങ്ക.

Advertisement
Advertisement