ഇന്ന് കുമാരനാശാന്റെ 150-ാം ജന്മദിനം 'ഗ്രാമവൃക്ഷത്തിലെ കുയിൽ' ഇന്നുമുതൽ തിയേറ്ററുകളിൽ

Friday 08 April 2022 3:41 AM IST

കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതം ഇതിവൃത്തമാക്കി കെ.പി.കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ" ഇന്ന് തിയേറ്ററുകളിലെത്തുന്നു. ഇന്ന് മഹാകവിയുടെ 150-ാം ജന്മദിനമാണ്.

എറണാകുളം സവിത, തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേർത്തല ശ്രീ, കോട്ടയം രമ്യ, തൃശൂർ ശ്രീ, കോഴിക്കോട് ശ്രീ എന്നിങ്ങനെ 8 കേന്ദ്രങ്ങളിലാണ് റിലീസ്. കുമാരനാശാന്റെ കവിതയും ജീവിതവുമാണ് ഇതിവൃത്തം. പ്രശസ്തഗായകനും സംഗീതസംവിധായകനുമായ ശ്രീവൽസൻ ജെ.മേനോനാണ് കുമാരനാശാനായി എത്തുന്നത്.

ആശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തിൽ ഗാർഗി അനന്തനും സുഹൃത്ത് മൂർക്കോത്ത് കുമാരന്റെ വേഷത്തിൽ മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമനും ശ്രീനാരായണഗുരുവായി മുൻഷി ബൈജുവും സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലുമാണ് വേഷമിട്ടിരിക്കുന്നത്. ശ്രീവത്സനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ച ആശാൻ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.

2010ൽ നിർമാണം പൂർത്തിയാക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ ഐ.എഫ്.എഫ്‌.കെ യിൽ പ്രദർശിപ്പിച്ചിരുന്നു. കുമാരനാശാന്റെ ബയോപിക് എന്നു വിളിക്കാവുന്ന ഈ ചിത്രം തന്റെ സ്വപ്നപദ്ധതിയായിരുന്നെന്ന് കെ.പി.കുമാരൻ പറഞ്ഞു.

കേരളം കണ്ട ഇതിഹാസപുരുഷനായ കുമാരനാശാനെപ്പറ്റിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമായാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കവിയെന്നതിനോടൊപ്പം ദാർശനികനും സാമൂഹ്യപരിഷ്‌കർത്താവും വ്യവസായിയുമെല്ലാമായിരുന്ന ആശാന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിഭയുടെ ആവിഷ്‌കാരമായിരുന്നു. 'സാധാരണ നിലയിലുള്ള ഒരു സമ്പൂർണ ബയോപിക്കല്ല ഗ്രാമവൃക്ഷത്തിലെ കുയിൽ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50ാം വയസിൽ മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ജീവിതത്തിലെ സംഭവങ്ങൾ എന്നിവയാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. കെ.പി.കുമാരന്റെ ഭാര്യ എം.ശാന്തമ്മ പിള്ളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ.ജി.ജയൻ ഛായാഗ്രാഹണം, ടി.കൃഷ്‌നുണ്ണി ശബ്ദലേഖനം, ബി. അജിത്കുമാർ എഡിറ്റിംഗ്. ഇന്ദ്രൻസ് ജയൻ വസ്ത്രാലങ്കാരം. പട്ടണം റഷീദ് മേക്കപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അതിഥി മുതൽ ആകാശഗോപുരം വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയ സംവിധായകനാണ് കെ.പി.കുമാരൻ.

Advertisement
Advertisement