ജാതി പറയുന്നത് അപമാനമല്ല,​ നീതി നിഷേധത്തിന് എതിരെ ഒറ്റക്കെട്ടായി ഉണരണം: വെള്ളാപ്പള്ളി

Friday 08 April 2022 12:00 AM IST

യോഗത്തിന്റെ ശത്രുക്കളുടെ ഉറക്കംകെടുത്തിയെങ്കിലേ നമുക്ക് ഉറങ്ങാനാവൂ

തിരുവനന്തപുരം: ജാതി പറയുന്നത് അപമാനമല്ലെന്നും,​ ജാതിചിന്ത നിലനിൽക്കുന്ന കേരളത്തിൽ സാമൂഹികനീതി നിഷേധിക്കപ്പെടുന്നതിന് എതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം നേമം,​ കോവളം യൂണിയനുകളുടെ ആസ്ഥാന മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് രണ്ടിടങ്ങളിലായി നടന്ന ചടങ്ങുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ സംഘടനയാണ് എസ്.എൻ.ഡി.പി. അത് ബ്ളേഡ് രാജാക്കന്മാരുടെ സംഘടനയല്ല. പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാകണം സംഘടനയുടെ നേതാക്കൾ. അവർ പാവങ്ങളുടെ രക്തം കുടിച്ചുവീർക്കുന്ന അട്ടകളാകരുത്. യോഗത്തിനെതിരെ പ്രവർത്തിക്കുന്ന പലരുടെയും ഉറക്കം കെടുത്തിയെങ്കിലേ നമുക്ക് ഉറങ്ങാൻ കഴിയൂ എന്നും നേമത്ത് യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ആസ്ഥാന മന്ദിരോദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ഇടതു സർക്കാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചെങ്കിലും സവർണ്ണാധിപത്യത്തിന്റെ പിന്മുറക്കാർ അവരെ ഊട്ടുപുരയിൽ പായസമുണ്ടാക്കാനാണ് ചുമതലപ്പെടുത്തുന്നതെന്ന് കോവളം യൂണിയന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവേ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയരംഗത്തും അയിത്തമുണ്ട്. ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്നതിനു ശേഷം സമുദായത്തിന് അർഹമായ നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിച്ചിട്ടില്ല. സമുദായാംഗങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ഉണ്ടെങ്കിൽ മാത്രമേ ഭരണരംഗത്തടക്കം ഉയർന്നുവരാൻ കഴിയൂ.

യോഗം തിരഞ്ഞെടുപ്പ് എന്നു കേൾക്കുമ്പോൾ കുരിശു കണ്ട ചെകുത്താനെപ്പോലെ ചിലർ കോടതികളിലേക്ക് ഓടുന്നത് അവർക്ക് സത്യത്തെ ഭയമുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കണിച്ചുകുളങ്ങരയിൽ പ്രസംഗിക്കവേ യോഗത്തിന്റെ വളർച്ചയെ പ്രശംസിച്ചിരുന്നു. അതിനപ്പുറം, സമുദായശത്രുക്കളുടെ ഒരു സർട്ടിഫിക്കറ്റും നമുക്ക് ആവശ്യമില്ല. സമുദായത്തിന്റെ വളർച്ച കണ്ടാണ് തന്നെ ഗവർണർ രാജ്ഭവനിലേക്കു ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേമത്തെ ചടങ്ങിൽ യൂണിയൻ സെക്രട്ടറി മേലാംകോട് വി.സുധാകരൻ സ്വാഗതം ആശംസിച്ചു. കേന്ദ്ര വനിതാസംഘം രക്ഷാധികാരി പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത് മേലാംകോട്, യോഗം ഡയറക്‌ടർ ബോർഡ് മെമ്പർമാരായ വിളപ്പിൽ ചന്ദ്രൻ, നടുക്കാട് ബാബുരാജ്, യൂണിയൻ കൗൺസിലർമാരായ റസൽപുരം ഷാജി, ജി. പങ്കജാക്ഷൻ, രാജേഷ് ശർമ്മ, സജീവ് കുമാർ രാംദേവ്, പാമാംകോട് സനൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ താന്നിവിള മോഹനൻ, പാട്ടത്തിൽ രഞ്ചിൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ് കോളച്ചിറ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി റസൽപുരം സുമേഷ്, വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീകല, സെക്രട്ടറി ശ്രീലേഖ, സൈബർസേന ചെയർമാൻ ഷിബു വിളപ്പിൽ, കൺവീനർ നിജേഷ് തുടങ്ങിയവർ പങ്കെടുത്തു.

കെ.എ.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പൂജാ ലാലിനു വേണ്ടി മാതാപിതാക്കളായ ജീനയും ഡോ. ലാലും വെളളാപ്പള്ളി നടേശനിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിംഗ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ശിവാനി വിനോദിനെയും ചടങ്ങിൽ അനുമോദിച്ചു. റസൽപുരം ശാഖ യൂത്ത് മൂവ്‌മെന്റിന്റെ ഉപഹാരം വെള്ളാപ്പള്ളി നടേശന് ഭാരവാഹികൾ കൈമാറി.

കോവളം യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷനായി. പ്രാർത്ഥനാ മണ്ഡപത്തിന്റെ ശിലാസ്ഥാപനം പ്രീതി നടേശൻ നിർവഹിച്ചു. ജനറൽ സെക്രട്ടറിക്കുള്ള കോവളം യൂണിയന്റെ ഉപഹാരം മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു. എം.വിൻസന്റ് എം.എൽ.എ, യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, കരുംകുളം പ്രസാദ്, ആർ. വിശ്വനാഥൻ, നെടുമങ്ങാട് രാജേഷ്, ഗീതാ മധു, പി.എസ് .പ്രദീപ്, പുന്നമൂട് സുധാകരൻ, ചൂഴാൽ നിർമ്മലൻ,ഡി.പ്രേംരാജ്,ആലുവിള അജിത്ത്.ചെമ്പഴന്തി ശശി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗുരുദേവ ഭക്തരെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മൂലൂർ വിനോദ്‌കുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement